തങ്കളം ഗ്രീൻ വാലി പബ്ലിക്ക് സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച ഓണാഘോഷത്തിനു ശേഷം വീട്ടിലെത്തിയ 100 ലധികം വിദ്യാർത്ഥികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടി. അസ്വസ്ഥത തോന്നിയ വിദ്യാർത്ഥികളെ കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ സുഖം പ്രാപിച്ചു വരുന്നു. ഭൂരിപക്ഷം വിദ്യാർത്ഥികളും ആശുപത്രി വിട്ടു.
എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. വീട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ശർദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടു. അസുഖം ബാധിച്ച ഒരു കുട്ടിയുടെ മാതാവ് തന്റെ കുട്ടി ആശുപത്രിയിലാണെന്നും ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടർ പറഞ്ഞതായും അറിയിച്ച് വാട്സ് ഗ്രൂപ്പിൽ കുറിപ്പിട്ടതോടെയാണ് മറ്റു രക്ഷാകർത്താക്കളും തങ്ങളുടെ കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്വേഷണത്തിൽ സ്കൂളിൽ നിന്നും വെള്ളം കുടിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് മനസിലായി. ഇതോടെ രക്ഷാകർത്താക്കൾ ഡിഎംഒ ക്ക് പരാതി നൽകി. ഇതേ തുടർന്ന് ഇന്നലെ ആരോഗ്യ വിഭാഗം അധികൃതർ സ്കൂളിലെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. വിശദമായ പരിശോധനയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.
സ്കൂൾ വളപ്പിലെ കിണറ്റിലെ വെള്ളമാണ് ശുദ്ധീകരിക്കാതെ കുട്ടികൾക്ക് കുടിവെള്ളമായി നൽകിയതെന്ന് മാതാപിതാക്കൾ ആരോപിച്ചു. സ്കൂൾ കിണറ്റിലെ വെള്ളത്തെക്കുറിച്ചും പാഴി പിടിച്ചു കിടക്കുന്ന അവസ്ഥയെക്കുറിച്ചും മാതാപിതാക്കൾ മാനേജ്മെന്റിനോട് പലവട്ടം പരാതി പറഞ്ഞെങ്കിലും മാനേജ്മെന്റ് അവഗണിച്ചതായി രക്ഷാകർത്താക്കൾ പറഞ്ഞു. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷമേ സ്കൂൾ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളുമെന്ന് ആരോഗ്യ വിഭാഗം മാനേജ്മെന്റിന് നിർദേശം നൽകി.
English Summary: Students get food poisoning during Onam celebrations
You may also like this video