Site iconSite icon Janayugom Online

ഓഫ്‌ലൈന്‍ പരീക്ഷക്കെതിരെ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തുന്നതിനെതിരെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ് മൂലം പഠനത്തിലുണ്ടായ തടസങ്ങള്‍, ബുദ്ധിമുട്ടുകള്‍, സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഹര്‍ജിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തി പഠന മൂല്യനിര്‍ണയം നടത്താനുള്ള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയുടെ തീരുമാനത്തിനു ബദലായി പകരം സംവിധാനം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ബാലാവകാശ പ്രവര്‍ത്തക അനുഭ ശ്രീവാസ്തവ സഹായ്, ഒഡിഷ സ്റ്റുഡന്‍സ് യൂണിയന്‍ ഉള്‍പ്പെടെയുള്ളവരാണ് പുതിയ ആവശ്യവുമായി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. എല്ലാ ബോര്‍ഡുകളോടും സമയബന്ധിതമായി പരീക്ഷാ ഫലങ്ങള്‍ പുറത്തിറക്കാനും പരീക്ഷാ ഫലം മെച്ചപ്പെടുത്താനുള്ള പുനര്‍പരീക്ഷയ്ക്ക് അവസരം നല്‍കാനും നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യമുണ്ട്.

വീണ്ടും ശക്തമായേക്കാവുന്ന കോവിഡ് തരംഗം കുട്ടികളെയും യുവാക്കളെയുമാണ് കൂടുതല്‍ ബാധിക്കുകയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ നേരിട്ട് നടത്തുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പന്ത്രണ്ടാം ക്ലാസിനു ശേഷം പ്രൊഫഷണല്‍ ഇതര കോഴ്‌സുകളില്‍ തുടര്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ തീയതിയും മറ്റ് മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കണം. ഇതിനായി സമിതി രൂപീകരിക്കാന്‍ യുജിസിക്ക് നിര്‍ദേശം ഉണ്ടാകണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

Eng­lish Sum­ma­ry: Stu­dents in Supreme Court against offline exam

You may like this video also

Exit mobile version