Site iconSite icon Janayugom Online

ഹരിതസഭകളുമായി കുട്ടിക്കൂട്ടങ്ങളെത്തും

വിദ്യാലയങ്ങളില്‍ ഹരിതസഭകളുമായി കുട്ടിക്കൂട്ടങ്ങളെത്തും. മാലിന്യസംസ്കരണം ചര്‍ച്ച ചെയ്തും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചും ഹരിതസഭകള്‍ അവര്‍ നയിക്കും. മാലിന്യ മുക്തം നവകേരളം ആദ്യഘട്ട ക്യാമ്പയിന്റെ ഭാഗമായി ഹരിത സഭകള്‍ രൂപീകരിച്ചിരുന്നുവെങ്കിലും സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു അതില്‍ ഭാഗമായിരുന്നത്. എന്നാല്‍ ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ ഹരിത സഭകള്‍ ചേരും. മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ സര്‍‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും ഹരിതസഭയുടെ ഭാഗമാകും. ഈ മാസം 14 ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുട്ടികളുടെ ഹരിത സഭകള്‍ നടക്കും. കുട്ടികള്‍ തന്നെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. മാലിന്യ സംസ്കരണത്തിന് ഉതകുന്ന നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ടുവയ്ക്കും. പുതുതലമുറയില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും മാലിന്യമുക്തം നവകേരളത്തിന് പുതിയ ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാനുമുള്ള ഒരു വേദി കൂടിയാകും കുട്ടികളുടെ ഹരിത സഭ. മാലിന്യ നിര്‍മ്മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം.

ഒരു ഹരിത സഭയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്കൂളുകള്‍ക്കും പ്രാതിനിധ്യം നല്‍കി, തെരഞ്ഞെടുക്കുന്ന 150 മുതല്‍ 200 കുട്ടികള്‍ ഉള്‍പ്പെടും. കോര്‍പറേഷന്‍ പരിധിയില്‍ സ്കൂളുകളുടെ എണ്ണം അനുസരിച്ച് ഒന്നിലധികം ഹരിതസഭകള്‍ സംഘടിപ്പിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ഏകോപിപ്പിക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരെയും നിയോഗിക്കും. ഹരിത ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും കുട്ടികളുടെ ഹരിതസഭയുടെ പൂര്‍ണമായ നടത്തിപ്പ്. കുട്ടികള്‍ രൂപീകരിച്ച പുതിയ ആശയങ്ങള്‍, പ്രദേശത്തെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ മോഡലുകള്‍, നവീകരിച്ച ജിവിപി (ഗാര്‍ബേജ് വള്‍നറബിള്‍ പോയിന്റ്സ്)യുടെ ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മിനി എക്സിബിഷനുകളും ഭാവിയില്‍ സംഘടിപ്പിക്കും.

ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച ഇപ്പോഴുള്ള അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നതിന് ഏറ്റവും യോജിച്ച മാര്‍ഗം വിദ്യാര്‍ത്ഥികളില്‍ ഇതു സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയാണ്. മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ വിദ്യാലയങ്ങളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ഇല്ലാത്ത പക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ സംവിധാനങ്ങള്‍ സ്ഥാപിക്കുകയുമാണ് മറ്റൊരു ലക്ഷ്യം. ശുചിത്വം സംബന്ധിച്ച ഗുണങ്ങളും വിവിധ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങളും സമൂഹത്തിന് പകര്‍ന്ന് നല്‍കുകയും ഉദ്ദേശ്യങ്ങളിലൊന്നാണ്. തുടര്‍നടപടിയായി സ്കൂളുകളില്‍ ശുചിത്വ ക്ലബുകള്‍ രൂപീകരിക്കും. നവംബര്‍ 15 മുതല്‍ നടക്കുന്ന ഗ്രാമസഭകളില്‍ കുട്ടികളുടെ ഹരിതസഭയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടായി അവതരിപ്പിക്കും.

Eng­lish Sum­ma­ry: Stu­dents will be part of Haritha Sabha
You may also like this video

Exit mobile version