ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് കാടിന്റെ കാഴ്ചകള്‍ നേരിട്ടറിയുവാന്‍ അവസരമൊരുക്കി സമഗ്രശിക്ഷാ കേരളം, ചെങ്ങന്നൂര്‍ ബി ആര്‍ സി. ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 20 ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് വനവല്‍ക്കരണത്തിന്റെയും വനസംരക്ഷണത്തിന്റെയും ആവശ്യകത നേരിട്ട് ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് യാത്ര സംഘടിപ്പിച്ചത്. വനമിത്രപുരസ്‌കാര ജേതാവും പരിസ്ഥിതിസംരക്ഷകനുമായ കെ ജി രമേശ് തന്റെ വീടിനോടു ചേര്‍ന്നുള്ള ഭൂമിയില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലക്ഷ്മീസ് അറ്റോള്‍ എന്ന ഫാം സ്‌കൂള്‍ കുട്ടികള്‍ സന്ദര്‍ശിച്ചു.
ഔഷധസസ്യങ്ങള്‍, കാര്‍ഷികവിളകള്‍, ഫലവര്‍ഗങ്ങള്‍, അപൂര്‍വയിനം വൃക്ഷങ്ങള്‍ തുടങ്ങി ആയിരത്തില്‍പരം സസ്യവര്ഗങ്ങളാണ് അദ്ദേഹം നട്ടുപിടിപ്പിച്ചിരിക്കുന്നത്. വരുംതലമുറയ്ക്കായി സസ്യസമ്പത്തിന്റെ ഈറ്റില്ലം ഒരുക്കിയ കെ ജി രമേശിനെ ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ബി ആര്‍ സി ട്രെയിനര്‍മാരായ ബൈജു കെ, പ്രവീണ്‍ വി നായര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ വി ഹരിഗോവിന്ദ്, ജി രാധാകൃഷ്ണന്‍, ശ്രീജിത്ത് പി ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീഹരി ജി രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
English summary; students with an environmental message seeking forest views
You may also like this video;