Site iconSite icon Janayugom Online

ഇടമലക്കുടിയില്‍ ഇനി പഠനം മുടങ്ങില്ല: പഠിപ്പുറുസി മുതുവാൻ ഭാഷ പരിശീലന പാക്കേജിന് അംഗീകാരം

IdamalakkudiIdamalakkudi

ഇടുക്കി ജില്ലയിലെ ഇടമലക്കുടി മേഖലയിൽ അധിവസിക്കുന്ന ആദിവാസി ഗോത്ര ജനവിഭാഗത്തിലെ മുഴുവൻ കുട്ടികളും ഇനി മുതൽ മലയാളം പച്ചയായി എഴുതും, സംസാരിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് — സമഗ്ര ശിക്ഷ കേരളം ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിൽ നടത്തിവരുന്ന പഠിപ്പുറുസ്സി മുതുവാൻ ഭാഷാ പരിശീലന പാക്കേജിലൂടെയാണ് ഇത് സാധ്യമാകുന്നത്. സ്വന്തമായി ലിപിയില്ലാത്ത മുതുവാൻ വാമൊഴി ഭാഷയെ തനി മലയാളം രൂപത്തിലേക്ക് രൂപാന്തരപ്പെടുത്തി തെരഞ്ഞെടുത്ത കുട്ടികളിൽ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.
ഗതാഗത സൗകര്യം തീരെ ഇല്ലാത്ത ഇടമലക്കുടി, കുറുത്തിക്കുടി മേഖലയിൽ അധിവസിക്കുന്ന മുതുവാൻ വിഭാഗങ്ങളിൽ ബഹുഭൂരിപക്ഷത്തിനും മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടുതന്നെ ഇവരുടെ മക്കളിൽ ഭാഷാശേഷി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പഠനപ്രക്രിയയോട് മുഖം തിരിച്ചു നിൽക്കുന്ന കുട്ടികളുടെ എണ്ണം ഈ മേഖലയിൽ ഗണ്യമായി ഉയർന്നു. വിദ്യാലയങ്ങളിൽ എത്താൻ മടിക്കുന്ന കുട്ടികളുടെ എണ്ണം എത്തിച്ചേരുന്ന കുട്ടികളെക്കാൾ മൂന്നിരട്ടി വർധിച്ചെന്ന് സമഗ്ര ശിക്ഷാ കേരളം നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
ഏത് സാഹചര്യത്തിൽ ആണെങ്കിലും കുട്ടികളുടെ പഠനപ്രക്രിയയ്ക്ക് മുടക്കം വരാൻ പാടില്ല എന്ന പൊതു വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഇടമലക്കുടിക്കായി പ്രത്യേക വിദ്യാഭ്യാസ ഭാഷാ പരിശീലന പദ്ധതിയാണ് സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ചത്. പ്രത്യേക പരിശീലനം സിദ്ധിച്ച എസ്എസ്‌കെ ട്രെയിനർമാരും ഇടുക്കി ജില്ലയിൽ നിന്ന് തന്നെ തെരഞ്ഞെടുത്ത എഡ്യൂക്കേഷൻ വൊളന്റിയർമാരും ഇടമലക്കുടിയിലെ ട്രൈബൽ എൽപി സ്കൂളിൽ താമസിച്ചാണ് അറുപതോളം മുതുവാൻ വിഭാഗത്തിലെ കുട്ടികൾക്ക് വ്യത്യസ്ത ബാച്ചുകൾ തിരിച്ച് ഭാഷ പരിശീലനം നൽകി വരുന്നത്. പാഠപുസ്തകമോ മറ്റ് രീതിയോ നേരിട്ട് അവലംബിക്കാതെ മുതുവാൻ വിഭാഗത്തിന്റെ തന്നെ ജീവിതരീതി, സംസ്കാരം, ചുറ്റുപാടുകൾ, ഭക്ഷണ രീതി തുടങ്ങിയവ മനസ്സിലാക്കിയാണ് സമഗ്ര ശിക്ഷ കേരളം ഭാഷാ പരിശീലന പദ്ധതി തയാറാക്കിയിരിക്കുന്നത്.
സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ട്രൈബൽ ലാംഗ്വേജ് വിഭാഗത്തിലെ വ്യത്യസ്തമായ പരിശീലനമാണ് സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ് എസ് സിന്ധുവിന്റെ നേതൃത്വത്തിൽ ഇടമലക്കുടിയിൽ നടന്നുവരുന്നതെന്ന് സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. എ ആർ സുപ്രിയ അറിയിച്ചു. സംസ്ഥാനത്തിന് മാതൃകയാകുന്ന ഈ പരിശീലന പദ്ധതിയുടെ ഔദ്യോഗിക വിജയപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സമഗ്ര ശിക്ഷ കേരളവും അതിന്റെ സംഘാടകരും. 

Eng­lish Sum­ma­ry: Stud­ies will not stop in Idamalakudi

You may also like this video

Exit mobile version