Site iconSite icon Janayugom Online

വിദേശപഠനം തൊഴിലായി മാറുന്നില്ല; ജോലി കണ്ടെത്തുക ദുഷ്കരമാകുന്നുവെന്ന് പഠനം

വിദേശ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവ് കാണിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇതിന് കാരണമായി വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നതെന്നും ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഗോള സാമ്പത്തിക പ്രതിസന്ധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ട തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതായി വിലയിരുത്തപ്പെടുന്നു. കോവിഡ് കാലത്തിന് ശേഷവും ഏറ്റവും കൂടുതല്‍ തെഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്ന ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനിയറിങ്, ഗണിതം എന്നീ മേഖലകളിലെ ബിരുദധാരികള്‍ ജോലി കണ്ടെത്താൻ കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

അടുത്തിടെ വന്‍കിട ഐടി കമ്പനികളടക്കം വന്‍തോതില്‍ നിലവിലുള്ളവരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പുതിയ തൊഴിലാളികളെ നിയമിക്കുന്നുമില്ല. അമേരിക്ക, സിംഗപ്പൂര്‍, യുകെ, അയര്‍ലന്‍ഡ്, ഫ്രാൻസ്, യുറോപ്യൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പ്രധാന സര്‍വകലാശാലകളില്‍ പഠിച്ചിറങ്ങുന്നവര്‍ പോലും ഗള്‍ഫ് രാജ്യങ്ങളില്‍ തെഴിലവസരങ്ങള്‍ തേടുകയോ നാടുകളിലേക്ക് മടങ്ങുകയോ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2019 മുതൽ കുറയുകയാണെന്ന് സ്റ്റഡി പോർട്ടൽസിന്റെ ‘ഡെസ്റ്റിനേഷൻ യൂറോപ്പ്’ റിപ്പോർട്ടില്‍ പറയുന്നു. കോവിഡിനെ തുടർന്ന് 2019 മുതൽ ഇന്ത്യയിൽ നിന്ന് യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായിട്ടുള്ള വിവിധ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലാണ് വലിയ കുറവുണ്ടായത്. 

എന്നാല്‍ ഇന്ത്യ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് യൂറോപ്യൻ യൂണിയൻ മേഖലയിലെ വിദ്യാഭ്യാസത്തോടുള്ള താൽപര്യം വലിയ തോതിൽ വർദ്ധിച്ചതായും റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ വിദ്യാർത്ഥികൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉപരിപഠനത്തിനെത്തുന്നത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മുഖ്യമായും ഉപരിപഠനത്തിന് എത്തുന്നത്. ഓസ്‌ട്രേലിയ, യുകെ, യുഎസ് രാജ്യങ്ങളിലെ സർക്കാരുകൾ അടുത്തിടെ ഇന്ത്യയുമായി വ്യാപാര, വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക രംഗങ്ങളിലും മറ്റു തന്ത്രപ്രധാന മേഖലകളിലും ഒട്ടേറെ കരാറുകൾ ഒപ്പുവെച്ചിരുന്നു. 

Eng­lish Sum­ma­ry: Study abroad does not become a career; Learn­ing that find­ing a job is becom­ing more difficult
You may also like this video

Exit mobile version