ഉക്രെയ്ന്‍, ചൈന എന്നീ രാജ്യങ്ങളില്‍ പഠനം നടത്തരുത് എന്ന മുന്നറിയിപ്പിനു പിന്നാലെ പാകിസ്ഥാനിലും വിദ്യാഭ്യാസം നേടരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്. പാകിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ ഇന്ത്യക്കാർക്കോ വിദേശികൾക്കോ “ഇന്ത്യയിൽ ജോലി ചെയ്യുന്നതിനോ ഉപരിപഠനത്തിനോ യോഗ്യതയില്ല” എന്ന് യുജിസിയും എഐസിടിഇയും കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ചൈനയിൽ ഉപരിപഠനത്തിന് പദ്ധതിയിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ മുൻകൂർ അനുമതിയില്ലാതെ ഓൺലൈൻ മോഡിൽ മാത്രം ചെയ്യുന്ന ഡിഗ്രി കോഴ്സുകൾ അംഗീകരിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി മുന്നറിയിപ്പ് നൽകിയതിന് ഒരു മാസത്തിനുള്ളിലാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും ചേർന്ന് പുതിയ നിർദേശം ഇറക്കുന്നത്. ‘ഉന്നത വിദ്യാഭ്യാസത്തിനായി പാകിസ്ഥാനിലേക്ക് പോകരുതെന്ന് എല്ലാവരോടും നിർദേശിക്കുന്നു.
പാകിസ്ഥാനിൽ നേടിയ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരനോ ഇന്ത്യയിലെ വിദേശ പൗരനോ ഇന്ത്യയിൽ ജോലിയ്ക്കോ ഉപരിപഠനത്തിനോ യോഗ്യതയുണ്ടാകില്ല’- നിർദേശത്തിൽ പറയുന്നു. ഏതൊക്കെ രാജ്യങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടാമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകേണ്ടതുണ്ട്, അല്ലെങ്കിൽ അവർ രാജ്യത്ത് അംഗീകൃതമല്ലാത്ത ബിരുദങ്ങളിൽ ചെന്ന് പെടുമെന്ന് എഐസിടിഇ ചെയർമാൻ അനിൽ സഹസ്രബുദ്ധെ പറഞ്ഞു.
രാജ്യത്തിന് പുറത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ താല്പര്യം മുൻനിർത്തിയാണ് പൊതു അറിയിപ്പുകൾ പുറപ്പെടുവിക്കുന്നതെന്ന് യുജിസി ചെയർമാൻ ജഗദേഷ് കുമാർ പറഞ്ഞു. അതേസമയം പാകിസ്ഥാനിൽ നിന്ന് ഉന്നത വിദ്യാഭ്യാസ ബിരുദം നേടിയവരും ഇന്ത്യ പൗരത്വം നൽകിയവരുമായ കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നിന്ന് സുരക്ഷാ ക്ലിയറൻസ് ലഭിച്ചതിന് ശേഷം ഇന്ത്യയിൽ ജോലി തേടാൻ അർഹതയുണ്ടെന്നും അറിയിപ്പിലുണ്ട്. 2019 ൽ പാക് അധീന കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനെതിരെ യുജിസി മുന്നറിയിപ്പ് നൽകിയിരുന്നു.
english summary;Study ban in Pakistan after Chennai
You may also like this video;