Site icon Janayugom Online

കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ബൂസ്റ്റർ ഡോസ് വേണമെന്ന് പഠനം

കോവിഡ് വകഭേദങ്ങള്‍ക്കതിരെ പോരാടാൻ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് ആവശ്യമെന്ന് പഠനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വാക്സിനേഷനിലൂടെ ലഭിക്കുന്ന ആന്റിബോഡികള്‍ കാലക്രമേണ മങ്ങുന്നതിനാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ വേണമെന്ന് പഠനം വിലയിരുത്തുന്നു.

കോവിഷീൽഡ്, കോവാക്സിൻ എന്നിവ സ്വീകരിച്ചവരിൽ ആറ് മാസത്തിന് ശേഷം ആന്റിബോഡിയുടെ അളവ് കുറഞ്ഞതായി പഠനം കണ്ടെത്തി. ജൂണിലെ പഠനത്തിൽ ഉത്തർപ്രദേശിൽ പതിനെട്ട് പേരടങ്ങിയ ഒരു ഗ്രൂപ്പും 40 പേരടങ്ങിയ രണ്ട് ഗ്രൂപ്പുകളുമായാണ് പഠനം നടത്തിയത്. മൂന്ന് ഗ്രൂപ്പുകൾക്കും കഴിഞ്ഞ വർഷം അവസാനം വീണ്ടും വിശകലനം നടത്തിയതിൽ ആന്റീബോഡിയുടെ അളവ് നിർവീര്യമാകുന്നതായി കണ്ടെത്തി. ജേണൽ ഓഫ് ട്രാവൽ മെഡിസിനിലാണ് പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

രാജ്യത്ത് ജനുവരി 10 മുതല്‍ ആരോഗ്യ പ്രവർത്തകർക്കും 60 വയസും അതിന് മുകളിൽ പ്രായമുള്ളവർക്കും മുൻകരുതൽ ഡോസുകൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. വിദേശയാത്ര ചെയ്യുന്നവര്‍ക്കായി ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

പുതിയ കോവിഡ് വകഭേദങ്ങള്‍ രൂപപ്പെടുന്നതാണ് കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്നത്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും കോവിഡിന്റെ പിടിയിലമര്‍ന്നു. ഒമിക്രോണിനേക്കാൾ പത്തുശതമാനം കൂടുതൽ വ്യാപനശേഷിയുള്ള പുതിയ വൈറസായ എക്സ് ഇ വകഭേദം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഎ’1, ബിഎ.2 ഒമിക്രോണ്‍ വകഭേദങ്ങളില്‍ ജനിതക വ്യതിയാനം സംഭവിച്ച് ഉണ്ടായിരിക്കുന്നതാണ് എക്സ്ഇ എന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

Eng­lish summary;Study says to give boost­er dose against covid variants

You may also like this video;

Exit mobile version