രാജ്യത്ത് കഴിഞ്ഞ വര്‍ഷം നിരവധി പേര്‍ക്ക് ജീവഹാനിയും അംഗവൈകല്യങ്ങളുള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളുമുണ്ടാക്കിയ ബ്ലാക്ക് ഫംഗസ് എന്ന മാരകരോഗത്തിന് കാരണമായത് ചാണകമാണെന്ന് ആരോഗ്യ രംഗത്തെ ഗവേഷകര്‍. ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈകോസിസ് രോഗം ബാധിച്ചവരിലെ മരണനിരക്ക് 54 ശതമാനമാണ്. മ്യൂക്കോറലസ് ഫംഗസ് കാരണമായുണ്ടാകുന്നതാണ് മ്യൂക്കോര്‍മൈകോസിസ് രോഗം. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഈ രോഗം ബാധിച്ചത് 51,775 പേര്‍ക്കാണ്.
ഏപ്രില്‍ മാസത്തിലാണ് അമേരിക്കയിലെ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ എംബിയോ എന്ന ജേണലില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചത്. കന്നുകാലികളുടെ ചാണകത്തിലാണ് മ്യൂക്കോറലസ് ഫംഗസിന് ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് 30 കോടിയോളം കന്നുകാലികള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യയിലെ നിരവധി ആചാരങ്ങളിലും ആഘോഷങ്ങളിലും ഉപയോഗിക്കപ്പെടുന്ന ചാണകം, പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലത്ത്, മ്യൂക്കോമൈകോര്‍സിസ് പടരുന്നതില്‍ പ്രധാന പങ്ക് വഹിച്ചുവെന്നാണ് പ്രബന്ധത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രമേഹവും സ്റ്റിറോയ്ഡുകളുടെ ഉപയോഗവും അതോടൊപ്പം കോവിഡ് രോഗബാധയുമാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപകമായി ബാധിക്കാനുള്ള കാരണമെന്നാണ് നേരത്തെ കൂടുതല്‍ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇതേ സാഹചര്യമുള്ള മറ്റ് രാജ്യങ്ങളില്‍ ഈ രോഗം കാര്യമായി ബാധിച്ചില്ലെന്നും അതിനാല്‍ ഇന്ത്യയിലെ പ്രത്യേകമായ ഒരു സ്ഥിതിവിശേഷമാണ് ബ്ലാക്ക് ഫംഗസ് രോഗവ്യാപനത്തിനുള്ള കാരണമായതെന്നും ഹൂസ്റ്റണിലെ സ്വതന്ത്ര ഗവേഷകനും പഠനം നടത്തിയവരില്‍ ഒരാളുമായ ജെസ്സി സ്കറിയ ചൂണ്ടിക്കാട്ടുന്നു. ചാണകം കത്തിക്കുമ്പോഴുണ്ടാകുന്ന പുകയിലൂടെ ഫംഗസ് വ്യാപിക്കുന്നതാകാമെന്നാണ് ജെസ്സി അഭിപ്രായപ്പെടുന്നത്.
ചാണകം ദേഹത്ത് തേക്കുന്നതും ഗോമൂത്രം കുടിക്കുന്നതും ചാണകം കത്തിച്ച് പുക ശ്വസിക്കുന്നതുമെല്ലാം ഇന്ത്യയിലെ പല ഭാഗങ്ങളിലും ആഘോഷങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും ശവസംസ്കാരത്തിന്റെയും ഭാഗമായി നടത്താറുള്ളതാണെന്ന് പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളവും പശ്ചിമബംഗാളും പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി, ഗോവധനിരോധനം ഏര്‍പ്പെടുത്തുകയും ചാണകം ഇന്ധനമായും ആചാരങ്ങള്‍ക്കുവേണ്ടിയും ഉപയോഗിക്കുന്ന ശീലമുള്ളതുമായ മഹാരാഷ്ട്രയിലും ഗുജറാത്തിലും ബ്ലാക്ക് ഫംഗസ് രോഗം കൂടുതലായി വ്യാപിച്ചുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയനേതാക്കളുടെയും മതനേതാക്കളുടെയും വാക്കുകള്‍ വിശ്വസിച്ച് നിരവധി ഇന്ത്യക്കാര്‍ കോവിഡ് 19 രോഗം തടയുന്നതിനും ഭേദമാകുന്നതിനുമായി ദേഹത്ത് ചാണകം പുരട്ടുകയും ഗോമൂത്രം കുടിക്കുകയും ചെയ്തുവെന്നതും പ്രബന്ധത്തില്‍ പറയുന്നുണ്ട്.
English Summary:Study shows that the use of dung is the cause of black fungus
You may also like this video