വിവാദപരമായ തുപ്പൽ സംഭവത്തില്‍ ഇന്റര്‍ മിയാമി താരം ലൂയിസ് സുവാരസിന് എംഎല്‍എസില്‍ മൂന്ന് മത്സരങ്ങളില്‍ വിലക്ക്. ലീഗ്സ് കപ്പ് ഫൈനലില്‍ സിയാറ്റിലിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ഇതേതുടര്‍ന്ന് ലീഗ്സ് കപ്പ് ടൂര്‍ണമെന്റിലും സുവരാസിന് ആറ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെയാണ് എംഎല്‍എസിന്റെ നടപടി.
സിയാറ്റിലിൽ 3–0ന് വിജയം നേടി സൗണ്ടേഴ്‌സ് കപ്പ് നേടിയതിന് പിന്നാലെ ടീമുകൾ തമ്മിൽ തർക്കമുണ്ടായി. സംഭവത്തില്‍ സുവാരസ് തുപ്പുകയും മിയാമി മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഒരു പഞ്ച് എറിയുന്നതായും ദൃശ്യങ്ങളില്‍ കാണാം. വിലക്ക് വന്നതോടെ ഈ ഞായറാഴ്ച ഷാർലറ്റ് എഫ്‌സിക്കെതിരായ മത്സരവും, 16ന് സിയാറ്റിലിനെതിരെയും, 20ന് ഡിസി യുണൈറ്റഡിനെതിരെയും നടക്കുന്ന മത്സരം സുവാരസിന് നഷ്ടമാകും. ലിവര്‍പൂളിലും ബാഴ്സലോണയിലും മികച്ച പ്രകടനം നടത്തിയ ഉറുഗ്വേ താരം മുമ്പും കളത്തില്‍ വിവാദ സംഭവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എതിരാളികളെ കടിച്ചതിന് മൂന്ന് തവണയും, വംശീയ അധിക്ഷേപത്തിന് ഒരു തവണയും സുവാരസ് വിലക്ക് നേരിട്ടിട്ടുണ്ട്.

