Site iconSite icon Janayugom Online

ശുഭാംശുവിന്റെ തിരിച്ച് വരവ് വൈകും; ദൗത്യം 14ന് ശേഷമെന്ന് സൂചന

ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ വാസം ഏതാനും ദിവസങ്ങള്‍ കൂടി നീളും. ജൂലൈ 14 ന് ശേഷം മാത്രമേ ആക്സിയം മിഷൻ 4 സംഘാംഗങ്ങള്‍ തിരിച്ചെത്തൂവെന്നണ് സൂചന. കാലാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് തിരിച്ചുവരവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ദൗത്യസംഘാംഗങ്ങളുടെ തിരിച്ചുവരവിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പരീക്ഷണങ്ങളിൽ നിന്നുള്ള സാമ്പിളുകൾ, ഡാറ്റ എന്നിവയ്ക്കുമായി ശാസ്ത്ര സമൂഹം കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. 14 ദിവസത്തെ ദൗത്യത്തിനാണ് ആക്‌സിയം-4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഐഎസ്ആര്‍ഒ, നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ആക്സിയം സ്പേസ് എന്നിവയുടെ സംയുക്ത സംരംഭമാണ് ആക്സിയം-4 ദൗത്യം. സ്‌പേസ് എക്‌സിന്റെ ഗ്രേസ് ഡ്രാഗണ്‍ ക്രൂ പേടകം ജൂണ്‍ 26 ന് ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, പൈലറ്റ് ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടിബോര്‍ കാപു എന്നിവരാണ് സംഘാംഗങ്ങള്‍.
ആരോഗ്യം, മെറ്റീരിയൽ സയൻസ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി സംഘം 60 ലേറെ ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി. ആകെ 31 രാജ്യങ്ങൾ ആക്സിയം-4 ദൗത്യത്തിൽ സംഭാവന നൽകിയിട്ടുണ്ട്. സുപ്രധാന ശാസ്ത്രീയ പ്രവർത്തനങ്ങൾക്കൊപ്പം അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിൽ ഒരു പുതിയ അധ്യായമെന്നതും ആക്സിയം-4 ദൗത്യത്തെ ശ്രദ്ധേയമാക്കുന്നു. 

ബഹിരാകാശ ദൗത്യങ്ങളില്‍ വിപുലീകരണങ്ങൾ അസാധാരണമല്ലെന്നും യാത്രികർ ഇത്തരം സാഹചര്യങ്ങളെ നേരിടാനും ബഹിരാകാശത്ത് ദീർഘകാലം താമസിക്കുന്നതിനും മാനസികമായും ശാരീരികമായും പരിശീലനം നേടിയവരാണെന്നും സ്പേസ് അനലിസ്റ്റായ ഗിരീഷ് ലിംഗണ്ണ അഭിപ്രായപ്പെട്ടു. സാങ്കേതിക പരിശോധനകൾ, ബഹിരാകാശ കാലാവസ്ഥ, ഭൂമിയിൽ സുരക്ഷിതമായ ലാൻഡിങ് മേഖലകളുടെ ലഭ്യത എന്നിവയെല്ലാം കാലതാമസത്തിന് കാരണമാകും. അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന വിവിധ സാഹചര്യങ്ങൾക്കുവരെ യാത്രികരെ തയ്യാറാക്കിയ ശേഷമാണ് ബഹിരാകാശത്തേക്ക് അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വകാല, ദീർഘകാല ദൗത്യങ്ങൾക്ക് ആവശ്യമായ അവശ്യവസ്തുക്കളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ശേഖരിച്ചിട്ടുണ്ട്. പായ്ക്ക് ചെയ്ത ഭക്ഷണം, പ്രത്യേക പാത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം, ഓക്സിജൻ ഉല്പാദന സംവിധാനങ്ങൾ എന്നിവയെല്ലാം ഇതില്‍പ്പെടും. കാർഗോ ദൗത്യങ്ങൾ വഴി കൂടുതല്‍ അവശ്യവസ്തുക്കളും എത്തിക്കാനാകും. അതിനാൽ ഒരു ദൗത്യം നീട്ടിയാലും ബഹിരാകാശയാത്രികർക്ക് വൈദ്യസഹായം ഉൾപ്പെടെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version