Site iconSite icon Janayugom Online

മീന്‍പിടിത്തമേഖലയില്‍ സബ്‌സിഡി നിർത്തും ; അനധികൃത മത്സ്യബന്ധനം തടയുന്നതിന്‌ നിരീക്ഷണം

മീന്‍പിടിത്ത മേഖലയിൽ നൽകിവരുന്ന സബ്‌സിഡികൾ നിർത്തലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ജനീവയിൽ വെള്ളിയാഴ്‌ച അവസാനിച്ച ലോകവ്യാപാര സംഘടനയിലെ 164 അംഗ രാജ്യങ്ങളുടെ വാണിജ്യമന്ത്രിമാരുടെ യോഗം സബ്‌സിഡികൾ ഘട്ടംഘട്ടമായി ഒഴിവാക്കാൻ തീരുമാനിച്ചു. ഇരുപത്‌ വർഷത്തിനുശേഷമാണ്‌ ഫിഷറീസ് സബ്‌സിഡി കരാറിൽ രാജ്യങ്ങൾ ഏർപ്പെടുന്നത്‌.

ഒമ്പതുവർഷത്തിനിടയിലെ സംഘടനയുടെ രണ്ടാമത്തെ ബഹുമുഖ ഉടമ്പടിയുമാണിത്‌. ‘ജനീവ പാക്കേജിൽ’ രാജ്യത്തിന്റെ താൽപ്പര്യം സംരക്ഷിക്കപ്പെട്ടുവെന്ന്‌ വാണിജ്യമന്ത്രി പീയൂഷ്‌ ഗോയൽ പറഞ്ഞു. അനധികൃത മത്സ്യബന്ധനം തടയുന്നതിന്‌ നിരീക്ഷണം ശക്തമാക്കാൻ രാജ്യങ്ങൾ തീരുമാനിച്ചു. അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവർക്കും പരിധിയിൽ കവിഞ്ഞ്‌ മത്സ്യം പിടിക്കുന്നവർക്കും സബ്‌സിഡി ഒഴിവാക്കും. പ്രത്യേക സാമ്പത്തിക മേഖലകളിലെ മീന്‍പിടിത്തത്തിന് മാത്രമേ ഇനി സബ്‌സിഡി ബാധകമാകൂ. പാചകവാതകത്തിനു സമാനമായി സബ്‌സിഡി നേരിട്ട്‌ ബാങ്ക്‌ അക്കൗണ്ടിൽ നൽകിയശേഷം പിന്നീട്‌ നിർത്തിയേക്കും.

ഇന്ത്യ നിലവിൽ പൂർണതോതിൽ സബ്‌സിഡി നിർത്തലാക്കില്ലെന്ന്‌ വ്യക്തമാക്കുന്നുണ്ടെങ്കിലും രണ്ടുവർഷത്തിനുള്ളിൽ അവസാനിപ്പിക്കുമെന്നാണ്‌ വിവരം. അഞ്ചുവർഷത്തേക്ക്‌ കോവിഡ്‌ വാക്‌സിനുകളുടെ പേറ്റന്റിൽ ഇളവ്‌ അനുവദിക്കാനും ജനീവ ഉച്ചകോടി തീരുമാനിച്ചു. ഭഷ്യസുരക്ഷ, കാർഷികോൽപ്പനങ്ങളുടെ താങ്ങുവില തുടങ്ങിയവയിലും നിർണായക തീരുമാനങ്ങളെടുത്തു. ഇ–-കൊമേഴ്‌സിനുള്ള കസ്‌റ്റംസ്‌ ഇളവ്‌ 2024 വരെ തുടരും.

Eng­lish Summary:Subsidy on fish­eries will be stopped; Mon­i­tor­ing to pre­vent ille­gal fishing

You may also like this video:

Exit mobile version