Site iconSite icon Janayugom Online

വൈദ്യുതി ജീവനക്കാരുടെ സമരം വിജയം

ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ മാനേജ്‌മെന്റ്‌ തയാറായതോടെ വൈദ്യുതി ജീവനക്കാര്‍ ആറു ദിവസം നീണ്ട സമരം അവസാനിപ്പിച്ചു. തൊഴിലാളി സംഘടനകളുമായും തുടർന്ന്‌ ഓഫീസേഴ്‌സ്‌ അസോസിയേഷനുകളുമായും കെഎസ്‌ഇബി ചെയർമാൻ ഡോ. ബി അശോക് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സംസ്ഥാന വ്യവസായ സുരക്ഷാ സേന (എസ്‌ഐഎഫ്‌എസ്) യെ വൈദ്യുതി ഭവന്‌ മുന്നിൽ വിന്യസിച്ചത്‌ അവസാനിപ്പിക്കണമെന്ന പ്രധാന ആവശ്യം ചർച്ചയിൽ അംഗീകരിച്ചു. ഡാറ്റസെന്ററിന്‌ സമീപത്തും സബ്‌ ലോഡ്‌ ഡെസ്‌പാച്ച്‌ വിഭാഗത്തിന്‌ മുന്നിലും മാത്രമായി ചുരുക്കും.

മറ്റു കേന്ദ്രങ്ങളിലെല്ലാം നിലവിലുള്ള വിമുക്തഭടന്മാരുടെ പാറാവ് തന്നെ തുടരും. ഇത്‌ സംബന്ധിച്ച്‌ ചെയർമാൻ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കും. സമരം ചെയ്യുന്നവർക്ക്‌ അവധി നൽകേണ്ടതില്ലെന്ന നിർദേശവും പിൻവലിച്ചു. തൊഴിലാളി യൂണിയൻ, ഓഫീസർ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ എല്ലാ മാസവും കോഓർഡിനേഷൻ യോഗം ചേരും. ശമ്പള കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വ്യവഹാരങ്ങൾ എന്നിവ മാനേജ്മെന്റും യൂണിയനുകളുമായി ചർച്ച ചെയ്‌ത്‌ തീർപ്പാക്കും. മുടങ്ങിക്കിടന്ന പ്രൊമോഷനുകൾ, സിഇഎ കേസിൽ സുപ്രീം കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം നടപ്പിലാക്കാനും ധാരണയായി.

സമരസമിതി ഉന്നയിച്ച മറ്റാവശ്യങ്ങൾ ചർച്ച ചെയ്യാൻ സബ്‌കമ്മിറ്റികൾ രൂപീകരിക്കും. ചർച്ചയിൽ ചെയർമാൻ ഡോ. ബി അശോക്, ഫിനാൻസ് ഡയറക്ടർ ഹരി വി ആർ, ഡയറക്ടർ സുകു ആർ, കേരള ഇലക്ടിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറൽ സെക്രട്ടറി എം പി ഗോപകുമാർ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ് ഹരിലാൽ, യുഡിഇഇഎഫ് സെക്രട്ടറി സുരേഷ് കഴിവൂർ, എം ജി സുരേഷ് കുമാർ, അനന്തകൃഷ്ണൻ എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ച വിജയദിനമായി ആചരിക്കാനും സമരസമിതി തീരുമാനിച്ചു.

eng­lish sum­ma­ry; Suc­cess of work­ers’ strike

you may also like this video;

Exit mobile version