Site iconSite icon Janayugom Online

പിഎസ്എല്‍വി സി-52 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളുടെയും വിക്ഷേപണം വിജയം

2022ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എല്‍വി സി-52 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്. ഇന്ന് പുലര്‍ച്ചെ 5.59നായിരുന്നു പിഎസ്എല്‍വി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു പ്രധാന ദൗത്യം. ഇന്‍സ്പയര്‍ സാറ്റ് 1, ഐഎന്‍എസ് 2 ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്നലെ പുലര്‍ച്ചെ 4.29നാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 1710 കിലോഗ്രാമാണ് ഇഒഎസ്-04 ന്റെ ഭാരം.

ഇസ്രൊയുടെ പഴയ രീതിയനുസരിച്ച് റിസാറ്റ് 1എ ആയിരുന്ന ഉപഗ്രഹമാണ് പേര് മാറി ഇഒഎസ് 04 ആയത്. റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായത് കൊണ്ട് ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളുടെ മിഴിവേറിയ ചിത്രങ്ങളെടുക്കാന്‍ ഇഒഎസ് 04ന് സാധിക്കും. കാര്‍ഷിക ഗവേഷണത്തിനും, വനപ്രദേശങ്ങളെയും തോട്ടം മേഖലകളെയും നിരീക്ഷിക്കുന്നതിനും പ്രളയ സാധ്യത പഠനത്തിനും മണ്ണിനെക്കുറിച്ചുള്ള ഗവേഷണത്തിനുമെല്ലാം ഉപഗ്രഹം നല്‍കുന്ന വിവരങ്ങള്‍ മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് ഇസ്രൊ അറിയിക്കുന്നത്. പത്ത് വര്‍ഷത്തെ ദൗത്യ കാലാവധിയാണ് ഇഒഎസ് 04ന് നല്‍കിയിരിക്കുന്നത്.
ഇന്‍സ്പയര്‍ സാറ്റ് 1 കോളറാഡോ സര്‍വകലാശാലയുമായി ചേര്‍ന്ന് ഐഐഎസ്ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി) വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച സാറ്റലൈറ്റാണ്. അയണോസ്ഫിയര്‍ പഠനവും, സൂര്യന്റെ കൊറോണയെക്കുറിച്ചുള്ള പഠനവുമാണ് ഈ ചെറു ഉപഗ്രഹം ലക്ഷ്യമിടുന്നത്. ഒരു വര്‍ഷമാണ് ദൗത്യ കാലാവധി. ഐഎന്‍എസ് 2 ടിഡി എന്ന സാങ്കേതിക വിദ്യാ പരീക്ഷണ ദൗത്യമായിരുന്നു മൂന്നാമത്തെ ഉപഗ്രഹം. അടുത്ത ദൗത്യവുമായി ഉടന്‍ കാണാമെന്നായിരുന്നു വിജയത്തിന് ശേഷമുള്ള ഇസ്രൊ ചെയര്‍മാന്റെ പ്രതികരണം.

Eng­lish sum­ma­ry; Suc­cess­ful launch of all three satel­lites, includ­ing PSLV C‑52

You may also like this video;

Exit mobile version