Site iconSite icon Janayugom Online

സുഡാന്‍ കലാപം; സ്ത്രീകളും കുട്ടികളുമടക്കം 57 പേര്‍ ലൈംഗികാതിക്രമത്തിനിരയായെന്ന് യുഎന്‍

ആഭ്യന്തര കലാപം ആരംഭിച്ചതിനു ശേഷം സുഡാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചെന്ന് ഐക്യരാഷ്ട്ര സഭ. സുഡാനിലെ ലോക ബോഡിയുടെ മനുഷ്യാവകാശ ഓഫിസിന് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട റി­പ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയിലെ വിവിധ ഏജന്‍സികള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഏപ്രില്‍ 15ന് സുഡാനില്‍ ആഭ്യന്തര കലഹം ആരംഭിച്ചതിന് ശേഷം കലാപവുമായി ബന്ധപ്പെട്ട് 21 ഓളം ലൈംഗികാതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് സുഡാനിലെ മനുഷ്യാവകാശ ഓഫിസിന് ലഭിച്ച റിപ്പോര്‍ട്ട്. അതുപ്രകാരം 57 സ്ത്രീകളും പെണ്‍കുട്ടികളും അതിക്രമത്തിന് ഇരയായിട്ടുണ്ട്. ഒരു ആക്രമണത്തിനിടയില്‍ മാത്രം 20 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു. യുദ്ധതന്ത്രത്തിന്റെ ഭാഗമായി നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നും അന്വേഷണം നടത്തണമെന്നും ഏജന്‍സികള്‍ ആവശ്യപ്പെട്ടു.

യുദ്ധത്തിനിടയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിനുള്ള ആരോഗ്യപരമായും മാനസികപരമായുമുള്ള ചികിത്സ ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ വിഭാഗം മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. ലൈംഗിക അതിക്രമങ്ങളോട് ഒരു സഹിഷ്ണുതയും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം കാരണം വിഷമത്തിലായ സ്ത്രീകളെയും കുട്ടികളെയും വീണ്ടും ഇത്തരത്തില്‍ പീഡിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്തതാണെന്ന് യുഎന്‍ മനുഷ്യാവകാശ കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറിയായ മാര്‍ട്ടിന്‍ ഗ്രിഫ്ഫിത്‌സും പറഞ്ഞു. 

സുഡാനില്‍ നാം കാണുന്നത് മാനുഷിക പ്രതിസന്ധിയല്ലെന്നും മനുഷ്യരാശിയുടെ പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഡാനില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മൂന്ന് മില്യണ്‍ സ്ത്രീകളും പെണ്‍കുട്ടികളും അതിക്രമത്തിന് സാധ്യതയുള്ളവരായിരുന്നെന്നും യുഎന്‍ പറഞ്ഞു. ഈ കണക്ക് യുദ്ധത്തിന് ശേ­ഷം 4.2 ദശലക്ഷമായി ഉയരുകയും ചെയ്‌തെന്നാണ് യുഎന്‍ നിരീക്ഷണം.

ENGLISH SUMMARY:Sudan Rebel­lion; 57 peo­ple, includ­ing women and chil­dren, were vic­tims of sex­u­al vio­lence, the UN said

You may also like this video

Exit mobile version