Site iconSite icon Janayugom Online

സുധാകര തരൂ‍ര്‍ വൈഷമ്യ സിദ്ധാന്തങ്ങള്‍

‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!’ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെട്ട കെ സുധാകരന്റെ ഇന്നത്തെ സ്ഥിതി ഇതാണ്. കെപിസിസി അധ്യക്ഷ സ്ഥാനം നല്‍കിയില്ലെങ്കില്‍ ബിജെപിയില്‍ പോകുമെന്ന ഭീഷണിയുമായി, ആര്‍എസ്എസ് ശാഖകള്‍ക്ക് സുരക്ഷാ കവചമൊരുക്കിയ പാരമ്പര്യം തനിക്കുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന ലോ കമാന്‍ഡിനെ വരുതിയിലാക്കിയ വിദഗ്ധനാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്. 

അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു പ്രഭാതം പൊട്ടിവിടര്‍ന്നപ്പോഴാണ് താന്‍ അധ്യക്ഷനല്ലാതായി മാറിയെന്നും കെ സുധാകരന്‍ ആ സിംഹാസനത്തില്‍ അവരോധിതനായെന്നും അറിയുന്നത്. ഈറനണിഞ്ഞ കണ്ണുകളോടെയും ഇടറുന്ന കണ്ഠത്തോടെയും പടിയിറങ്ങുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് ഗദ്ഗദ സ്വരത്തില്‍ പറഞ്ഞു: ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ താന്‍പോലുമറിയാതെ തന്നെ പടിയടച്ച് പിണ്ഡം വച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20സീറ്റുകളില്‍ 19ലും യുഡിഎഫ് വിജയിച്ചപ്പോള്‍ കെപിസിസി അധ്യക്ഷനായ തന്നെ അഭിനന്ദിക്കുവാനും അനുമോദിക്കുവാനും ആരും ഉണ്ടായില്ല.’ ഇതൊരു ‘ഫാദര്‍ലെസ് ജോബാണ്’ എന്ന് മുല്ലപ്പള്ളി തുറന്നടിച്ചു. ശരിക്കും ‘തന്തയില്ലായ്മ’ എന്ന മലയാളപദം ആംഗലേയ ഭാഷയില്‍ മുല്ലപ്പള്ളി പറഞ്ഞുവെന്നുമാത്രം. പിന്നീടൊരിക്കല്‍പ്പോലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്റെ പടികയറിയില്ലെന്ന് മാത്രമല്ല അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം ചേരുന്ന എഐസിസി യോഗങ്ങളിലും പങ്കെടുത്തതേയില്ല. കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയെന്ന ഫലിത കമ്മിറ്റിയിലും മുല്ലപ്പള്ളി മുഖം കാണിച്ചില്ല.
മുല്ലപ്പള്ളിയെ വീഴ്ത്തി കിരിടാവകാശിയായ സുധാകരന്‍ താന്‍ വാളും പരിചയവുമായി ഇടതുപക്ഷത്തെ തകര്‍ക്കുമെന്നും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ച് അധികാരത്തിലെത്തിക്കുമെന്നും ഗ്രൂപ്പ് രഹിത പാര്‍ട്ടിയാക്കുമെന്നും വീമ്പു പറഞ്ഞു. കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുമെന്ന ഉഗ്രപ്രഖ്യാപനവുമായി സ്ഥാനമേറ്റ സുധാകരന് സെമി പോയിട്ട് ക്വാര്‍ട്ടറില്‍ പോലും എത്താനായില്ലെന്ന് മാത്രമല്ല, ഒന്നാം പാദം പോലും പിന്നിടാനായില്ല. അതിനും മുമ്പേ ഔട്ടായി പവലിയനിലേക്ക് മടങ്ങേണ്ടിവന്നു. 

ഗ്രൂപ്പ് രഹിത കോണ്‍ഗ്രസ് എന്ന് പ്രഖ്യാപിച്ച കെ സുധാകരന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ അണിയറ ശില്പികളില്‍ അഗ്രഗാമിയാണ്. സ്വന്തം ജില്ലയായ കണ്ണൂരില്‍ എന്‍ രാമകൃഷ്ണനെയും പി രാമകൃഷ്ണനെയും ഏറ്റവുമൊടുവില്‍ സതീശന്‍ പാച്ചേനിയെയും വെട്ടിനിരത്തിയ കെ സുധാകരന്‍ സ്വന്തം ഗ്രൂപ്പാധിപത്യം ജില്ലയില്‍ സ്ഥാപിച്ച് മുടിചൂടാമന്നനായി വിഹരിച്ചു. ഗ്രൂപ്പില്ലാ കോണ്‍ഗ്രസ് സൃഷ്ടിക്കുമെന്ന കെ സുധാകരന്റെ പ്രഖ്യാപനത്തെ കോണ്‍ഗ്രസിന്റെ ചരിത്രമറിയുന്നവര്‍ ഒരു കറുത്ത ഫലിതമായി മാത്രമേ കണ്ടുള്ളൂ. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് ഒരു വിഫലസ്വപ്നമാണെന്ന് ആര്‍ക്കാണറിയാത്തത്?
സി കെ ഗോവിന്ദന്‍ നായരുടെയും പനമ്പള്ളി ഗോവിന്ദമേനോന്റെയും പട്ടം താണുപിള്ളയുടെയും ആര്‍ ശങ്കറിന്റെയും കാലത്താരംഭിച്ച് യുദ്ധഭേരികളിലൂടെ മുന്നേറിയ കോണ്‍ഗ്രസ് കെ കരുണാകരനും എ കെ ആന്റണിയും നയിച്ച ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം അഭിരമിച്ചു. ഇടക്കാലത്ത് കരുണാകര പക്ഷത്തെ ഭിന്നിപ്പിച്ച് ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും എം ഐ ഷാനവാസും തിരുത്തല്‍വാദ കോണ്‍ഗ്രസും സൃഷ്ടിച്ചു. 

ഗ്രൂപ്പ് രഹിത കോണ്‍ഗ്രസ് സൃഷ്ടിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ട കെ സുധാകരന്റെ അധ്യക്ഷ പദവി കാലത്ത് എ – ഐ ഗ്രൂപ്പുകള്‍ മാത്രമല്ല, ഓരോരുത്തര്‍ക്കും അവനവന്റേതായ ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു. ഗ്രൂപ്പുകളുടെ മഹോത്സവകാലം കോണ്‍ഗ്രസ് താഴേത്തട്ടുമുതല്‍ മുകള്‍ത്തട്ടുവരെ ഉടലെടുത്തു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നിഷ്കാസിതനാക്കി പദവി പിടിച്ചെടുത്ത വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള കലഹം പരസ്യമായ നിലയില്‍ കേരളം കണ്ടു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ ചാനല്‍ മൈക്കുകള്‍ തട്ടിപ്പറിക്കുവാന്‍ രണ്ടുപേരും നടത്തിയ നാണംകെട്ട കാഴ്ചയും കണ്ടു. വിജയശില്പി താനാണെന്ന് ഇരുകൂട്ടരും പരസ്യമായി അവകാശവാദമുന്നയിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എത്താന്‍ വൈകിയപ്പോള്‍ മറ്റേ മോന്‍.… (എഴുതുവാന്‍ നിവൃത്തിയില്ല) എവിടെപ്പോയി എന്ന് സുധാകരന്‍ ആക്രോശിക്കുമ്പോള്‍ ചാനല്‍ മൈക്കുകള്‍ ഉണര്‍ന്നിരിക്കുകയാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിക്കുന്നതും നാം കണ്ടു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടപ്പോഴും കെ സുധാകരന്‍ പരസ്യ പ്രതികരണവുമായി മുന്നോട്ടുവന്നു. ‘എന്നെ മാറ്റിയതില്‍ തെറ്റില്ല, പക്ഷേ, എന്നെ മാറ്റിയത് ശരിയായില്ല’ ഇതാണ് പുതിയ മലയാള വ്യാകരണവും ഭാഷാരീതിയും. മാറ്റിയതില്‍ തെറ്റില്ല, പക്ഷേ മാറ്റിയത് ശരിയായില്ല എന്ന് പത്രക്കാരെയും ദൃശ്യമാധ്യമങ്ങളെയും വിളിച്ചുവരുത്തി അഭിമുഖം നല്‍കിയ സുധാകരന്‍ കേരളത്തിലെ സ്ഥാപിത താല്പര്യക്കാരായ കോണ്‍ഗ്രസുകാരും ഹൈക്കമാന്‍ഡിലെ കേരളത്തിലെ ഉന്നത നേതാക്കളും തന്നെ പിഴുതെറിയുവാന്‍ നേതൃത്വം നല്‍കി എന്ന് ആരോപിച്ചു. പേരുകള്‍ പറഞ്ഞില്ലെങ്കിലും കെ സി വേണുഗോപാലിനെയും വി ഡി സതീശനെയുമാണ് സുധാകരന്‍ ചൂണ്ടിക്കാട്ടുന്നതെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്നവര്‍ക്കുപോലും തിരിച്ചറിയാനാവും.
പിന്നില്‍ നിന്ന് കുത്തുന്നവരുടെ കോണ്‍ഗ്രസിലെ അധമ ചരിത്രാധ്യായങ്ങള്‍ അവസാനിക്കുന്നില്ല. ദീപാദാസ് മുന്‍ഷി എന്ന കെപിസിസി ചുമതലക്കാരിയായ ജനറല്‍ സെക്രട്ടറി ചിലരുടെ കൈക്കോടാലിയായി റിപ്പോര്‍ട്ട് എഴുതിയെന്ന് സുധാകരന്‍ പറയുമ്പോള്‍ അവിടെയും ഉന്നമിടുന്നത് കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും തന്നെ. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രണ്ടുതവണ ചര്‍ച്ചനടത്തിയപ്പോഴും അധ്യക്ഷ പദവി ഒഴിയണമെന്ന് പറഞ്ഞില്ലെന്ന് പരിഭവിക്കുന്ന സുധാകരന്‍ ഖാര്‍ഗെ തോളി‍ല്‍ കൈയ്യിട്ട് കാറില്‍ കയറ്റിവിടുമ്പോള്‍ തിരിച്ചറിയണമായിരുന്നു ‘പണി പോയി’ എന്ന വസ്തുത. അത് കെ സുധാകരന്റെ മൗഢ്യം. 

ശശി തരൂര്‍ പാര്‍ലമെന്റ് അംഗമാകാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വ്യക്തിയാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ നിശിതമായി വിമര്‍ശിച്ച് ലേഖന പരമ്പരകള്‍ എഴുതിയ ശശി തരൂര്‍ അധികാര ദാഹത്തോടെ കോണ്‍ഗ്രസുകാരനായി. പക്ഷേ, ഏതേതെല്ലാം ഘട്ടങ്ങളില്‍ സംഘ്പരിവാര്‍ ഫാസിസ്റ്റ് രാഷ്ട്രീയവുമായി സന്ധി പ്രഖ്യാപിക്കുവാന്‍ കഴിയുമോ ആ ഘട്ടങ്ങളിലെല്ലാം ഒട്ടും മടിയില്ലാതെ അതിന് മുതിര്‍ന്ന വ്യക്തിയാണ് നവാഗത കോണ്‍ഗ്രസ് എന്ന് വിശേഷിപ്പിക്കാവുന്ന തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ തിരസ്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരൂര്‍ താന്‍ ദേശാഭിമാനിയാണെന്നും യുദ്ധസാഹചര്യത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും ആവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.

കുരുക്ഷേത്ര ഭൂമിയില്‍ നിന്നാരംഭിച്ചതാണ് യുദ്ധപരമ്പരകള്‍. ഇപ്പോള്‍ ഇന്ത്യ – പാക് യുദ്ധഭീതി പരമ്പരകള്‍ അരങ്ങേറുമ്പോള്‍ ലോക രാഷ്ട്രങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കായി നിയോഗിക്കപ്പെട്ട ഒരു സമിതിയുടെ നേതൃസ്ഥാനം ശശി തരൂരിനാണ്. ബിജെപി ഭരണകൂടം അദ്ദേഹത്തെ നിയോഗിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം അറി‍ഞ്ഞിരുന്നില്ല. കോപാകുലരായ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെ ഒഴിവാക്കി നാലംഗ പട്ടിക നല്‍കി. മൂന്നുപേരെയും ബിജെപി സര്‍ക്കാര്‍ വെട്ടിവീഴ്ത്തുകയും ശശി തരൂരിനെ മേധാവിയാക്കുകയും ചെയ്തു. ഇന്ന് രാത്രിയിലെ കോണ്‍ഗ്രസ് നാളെ രാവിലെ ബിജെപിയാണ്. ശശി തരൂര്‍ എന്നാണാവോ ബിജെപി വേഷമണിയുന്നത്. പ്രവചനാതീതമാണ് കാലവും രാഷ്ട്രീയവും. 

Exit mobile version