Site icon Janayugom Online

തന്നെ അച്ചടക്കം പഠിപ്പിക്കാൻ സുധാകരനും മുരളീധരനും അർഹതയില്ല: കെ പി അനിൽകുമാർ

K P Anilkumar

തന്നെ അച്ചടക്കം പഠിപ്പിക്കാൻ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കെ മുരളീധരനും അർഹതയില്ലെന്ന് കോണ്‍ഗ്രസ് വിട്ട കെ പി അനിൽ കുമാർ. കോൺഗ്രസിൽ നിന്നും രാജിവെച്ചതിനെത്തുടര്‍ന്ന് തനിക്കെതിരെ ഇരു നേതാക്കളും നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായാണ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ പി അനിൽ കുമാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയര്‍ത്തിയത്. ഇന്ദിര ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാൻ കേരളത്തിൽ കൊണ്ടുവന്നപ്പോൾ അതിനൊപ്പം പോയ ആളാണ് താനെന്നും ഇന്ദിര ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തതോടെ പയ്യാമ്പലത്തെ ബീച്ച് മലിനമായി എന്ന് പറഞ്ഞയാളാണ് കോൺഗ്രസിന്റെ ഇന്നത്തെ പ്രസിഡന്റെന്നും അനിൽകുമാർ പറഞ്ഞു. കെ മുരളീധരൻ ഇപ്പോള്‍ അച്ചടക്കത്തെ കുറിച്ച് പറയുകയാണ്. മുരളീധരന് എന്ത് അർഹതയാണുള്ളത് അത് പറയാൻ. കോൺഗ്രസ് പ്രസിഡന്റിനെ മദാമ്മയെന്നും പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ അഡ്വൈസര്‍ പരേതനായ അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേൽ എന്നും വിളിച്ച് ആക്ഷേപിച്ചയാളാണ് മുരളീധരന്‍. എ കെ ആന്റണിയെ മുക്കാലിയിൽ കെട്ടിയടിക്കണമെന്ന് പറഞ്ഞ മുരളീധരനാണോ തന്നെ അച്ചടക്കം പഠിപ്പിക്കുന്നതെന്നും അനില്‍കുമാര്‍ ചോദിച്ചു.

 


ഇതുകൂടി വായിക്കൂ: അനില്‍കുമാറിനു പിന്നാലെ ആരൊക്കെ ; ആശങ്കയില്‍ കോണ്‍ഗ്രസ്


 

‘ഞാനാണോ കോൺഗ്രസ്, സുധാകരനാണോ കോൺഗ്രസ്? എന്തായാലും ഞാനിപ്പോൾ കോൺഗ്രസല്ല. അതുകൊണ്ട് കാര്യങ്ങൾ പറയുമ്പോൾ ഒന്ന് സ്വയം ഉള്ളിലേക്ക് നോക്കിയിട്ട് പറയുന്നത് എല്ലാവർക്കും നല്ലതാണ്. നിങ്ങൾ വീതം വെക്കുകയോ തമ്മിലടക്കുകയോ കുത്തിമരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ. തന്റെ മേലേക്ക് കേറി വരണ്ട. തന്റെ നാക്ക് ഒട്ടും മോശമല്ല. മൈക്ക് കൊണ്ടുവരുമ്പോൾ അഭിപ്രായം പറയാൻ പറ്റുന്ന പാർട്ടിയിലല്ല താൻ ഇപ്പോൾ നിൽക്കുന്നത്. അത് പാർട്ടി ആലോചിച്ച് പറയുമെന്നും കെ പി അനിൽ കുമാർ പറഞ്ഞു. കോൺഗ്രസ് വെറും കാഴ്ചക്കാരായി മാറിയെന്നും അഭിപ്രായങ്ങൾ പറയുന്നവരെ മാറ്റിനിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്ന കെ പി അനിൽകുമാറിന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. രാവിലെ ട്രെയിനിൽ തിരുവനന്തപുരത്ത് നിന്നെത്തിയ അനിൽകുമാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും സ്വീകരണം ഒരുക്കിയിരുന്നു. എ വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിട്ട പ്രമുഖ നേതാവാണ് അനിൽകുമാർ.

കെ പി അനില്‍കുമാര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനം

Eng­lish Summary:Sudhakaran and Muraleed­ha­ran do not deserve to teach me dis­ci­pline: KP Anilkumar

You may like this video also

Exit mobile version