ഐഎന്‍ടിയുസിയും, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോരില്‍ കെ പി സി സി നേതൃത്വം ഇടപെട്ടു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐ എന്‍ ടി യു സി പരസ്യ പ്രതിഷേധത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ കെ പി സി സി പ്രസിഡന്റ് തന്നെ മുന്‍കൈയെടുക്കുന്നത്.ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.സംസ്ഥാനത്ത് ഉടനീളം ഐ എന്‍ ടി യു സിക്കാര്‍ സതീശനെതിരെ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ പല പരിപാടികള്‍ക്കും ഐ എന്‍ ടി യു സിക്കാരാണ് പോസ്റ്ററൊട്ടിക്കാനും കൊടി നാട്ടാനും ഉണ്ടാകാറെന്നും വെള്ള ഷര്‍ട്ടിട്ട ആരും വരാറില്ലെന്നും ഐ എന്‍ ടി യു സിക്കാര്‍ പ്രതിഷേധത്തില്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സതീശന്റെ പരാമര്‍ശത്തിലുള്ള അതൃപ്തി ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു.
അതേസമയം പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐ എന്‍ ടി യു സിക്കുള്ളത്. കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐ എന്‍ ടി യു സി എന്നതില്‍ തര്‍ക്കമില്ലെന്ന് വി ഡി സതീശന്‍ പിന്നീട് പറഞ്ഞിരുന്നു. അവിഭാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഐഎന്‍ടിയു സിയെ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം തിരുത്തി പറഞ്ഞിരുന്നു. തനിക്കെതിരെ ഐഎന്‍ടിയുസി നടത്തിയ പരസ്യ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു. താനല്ല ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം കെ സുധാകരന്‍ ഇടപെട്ട സാഹചര്യത്തില്‍ പ്രശ്‌നം ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചത്.വി ഡി സതീശന്‍ ഐ എന്‍ ടി യു സി പോര് രൂക്ഷമാകുന്നതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന് നേതാവ് കെ വി തോമസും രംഗത്ത് എത്തിയിരുന്നു.
ഐ എന്‍ ടി യു സിയും കോണ്‍ഗ്രസും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണുള്ളതെന്നും ഐ എന്‍ ടി യു സി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നും കെ വി തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. സതീശന്റെ പരാമര്‍ശത്തിന് പിന്നാലെ കഴിഞ്ഞദിവസം രാത്രി അടിയന്തരമായി ഐ എന്‍ ടി യു സി ഓണ്‍ലൈനിലൂടെ നേതൃ യോഗം ചേര്‍ന്നിരുന്നു. ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്‍ ജില്ലാ അധ്യക്ഷന്‍മാരുടെ യോഗമാണ് വിളിച്ചിരുന്നത്.
ഐ എന്‍ ടി യു സിയെ തള്ളിപ്പറയുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ശരീരഭാഷ പോലും തങ്ങളെ അവഹേളിക്കുന്ന തരത്തിലായിയെന്നാണ് സംഘടനയിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. തൊഴിലാളി യൂണിയനുകള്‍ക്കെതിരായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് സതീശന്റെ പ്രസ്താവനയെന്ന് സമൂഹ മാധ്യമങ്ങളിലും ആക്ഷേപമുണ്ടായിരുന്നു.ഐഎൻടിയുസിയും കോൺഗ്രസും രണ്ടല്ലെന്നും അതേകുറിച്ച് വിവാദമുണ്ടാക്കിയവരാണ് വ്യക്‌തത വരുത്തേണ്ടതെന്നും എഐഎൻടിയുസി സംസ്‌ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ.സുധാകരനെ കണ്ടതിനുശേഷം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഐഎൻടിയുസി കോൺഗ്രസിന്റെ ഭാഗമല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതിശന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ പ്രതികരണമാണ് ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്. എഐസിസിയുടെ ഔദ്യേഗിക രേഖ പറയുന്നത് ഐഎൻടിയുസി പോഷകസംഘടനയാണെന്നാണ്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളാണ് ഐഎൻടിയുസിയുടെ പരിപാടികളിൽ പങ്കെടുക്കാറുള്ളത്. കോൺഗ്രസും ഐഎൻടിയുസിയും രണ്ടല്ല. തമ്മിൽ ഇഴുകി ചേർന്നുള്ള സംഘടനകളാണ്.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹവുമായി സംസാരിച്ചു. കോൺഗ്രസിനെ സംബന്ധിച്ച് നയപരമായ കാര്യം പറയാൻ ബാധ്യതപെട്ടയാളാണ് കെ സുധാകരൻ. കേരളത്തിൽ 18 ലക്ഷം തൊഴിലാളികൾ ഐഎൻടിയുസിയുടെ ഭാഗമാണ്. പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ തൊഴിലാളികളെ മോശക്കാരാക്കി. അണികളിൽ അത് ആശങ്കയുണ്ടാക്കി. അത് പരിഹരിക്കേണ്ടതാണ്.
കേന്ദ്രനിലപാടുകൾക്കെതിരെ 48 മണിക്കൂർ നീണ്ട പണിമുടക്കാണ് സംയുക്‌ത തൊഴിലാളി സംഘടനകൾ നടത്തിയത്. മാസങ്ങൾ നീണ്ട പ്രചരണങ്ങളും അഭ്യർത്ഥനകളും അതിനുവേണ്ടി തൊഴിലാളി സംഘടനകൾ നടത്തിയിരുന്നു. ഏത് സമരത്തിലും ചിലർക്ക് ചില അസൗകര്യങ്ങൾ ഉണ്ടാകും.
സമരത്തോട് സഹകരിക്കണമെന്നും വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ചിലയിടങ്ങളിലുണ്ടായ ഒറ്റപ്പെട്ട അക്രമങ്ങൾ ചൂണ്ടിക്കാട്ടി തൊഴിലാളികളെ അക്രമകാരികളാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
English Summary: Sudhakaran calls church, INTUC protests; Chandrasekaran said that the controversy was created by VD Satheesan
You may also like this video: