Site icon Janayugom Online

ഹൈക്കമാന്‍ഡിനെ ധിക്കരിച്ച് സുധാകരന്‍ മുന്നോട്ട്

അവശനിലയിലായ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് വിലക്കിയ പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഇന്നലെ പ്രഖ്യാപിച്ച സുധാകരന്‍ പൊരുതാനുറച്ചുതന്നെയാണ് നീക്കം.
ഒരാഴ്ചയ്ക്കുള്ളില്‍ ഡിസിസി, ബ്ലോക്കു കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നു വ്യക്തമാക്കിയ അദ്ദേഹം കെപിസിസി പുനഃസംഘടനയും അംഗത്വവിതരണവും പൂര്‍ത്തിയാക്കാനും നടപടികളാരംഭിച്ചത് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചുതന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാര്‍ച്ച് ഒന്നു മുതല്‍ അംഗത്വവിതരണം ആരംഭിക്കാനിരിക്കുകയും പുനഃസംഘടന അവസാന ഘട്ടത്തിലെത്തി നില്ക്കുകയും ചെയ്തതോടെയായിരുന്നു വെള്ളിടിപോലെ ഹൈക്കമാന്‍ഡിന്റെ വിലക്ക്.

അഞ്ച് പാര്‍ലമെന്റംഗങ്ങള്‍ പരാതി നല്കിയതോടെയായിരുന്നു കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമടങ്ങുന്ന ത്രിമൂര്‍ത്തി ഗ്രൂപ്പില്‍ നിന്ന് പുറത്തുചാടി സുധാകരന്‍ ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പുമായി സമരസപ്പെട്ടതോടെ തകിടം മറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ പരിഭ്രാന്തരായ സതീശനും വേണുഗോപാലും ചേര്‍ന്നായിരുന്നു പുനഃസംഘടനയും അംഗത്വവിതരണവും അട്ടിമറിച്ചത്. അഞ്ച് എം പിമാരെ കരുവാക്കി പുനഃസഘടനയും അംഗത്വ വിതരണവും അട്ടിമറിച്ചത് വേണുഗോപാലിന്റെ മറു തന്ത്രമായിരുന്നു.

ഇതെല്ലാം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു. പക്ഷേ അഞ്ചിടത്തും കോണ്‍ഗ്രസ് തോറ്റമ്പിയതോടെ ഹൈക്കമാന്‍ഡിന്റെ നിലനില്പുതന്നെ ആപല്‍ ചുഴിയിലായി. വേണുഗോപാലിന്റെ പദവി ഏതു നിമിഷവും തെറിക്കാമെന്ന നിലയിലേക്ക് മാറിയ സാഹചര്യത്തിലാണ് ‘കാറ്റത്തു തൂറ്റുക’ എന്ന തന്ത്രവുമായി പുനഃസംഘടനയും അംഗത്വ വിതരണവുമായി സുധാകരന്‍ കൊണ്ടുകയറുന്നത്.

ഹൈക്കമാന്‍ഡിലെ സീനിയര്‍ അംഗമായ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിന്തുണകൂടി ഉണ്ടായതോടെ സുധാകരന് കാര്യങ്ങള്‍ എളുപ്പവുമായി. കെപിസിസി, ഡിസിസി, ബ്ലോക്ക് കമ്മിറ്റികളുടെ പുനഃസംഘടനയില്‍ ഗ്രൂപ്പുകളും സുധാകരനുമായുള്ള ചില തര്‍ക്കങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന ചര്‍ച്ചകളെത്തുടര്‍ന്ന് ധാരണയുമായി. ഈ കലങ്ങിത്തെളിഞ്ഞ അന്തരീക്ഷത്തിലാണ് ഹൈക്കമാന്‍ഡിന്റെ വിലക്കു വകവയ്ക്കാതെ സുധാകരന്‍ പുനഃസംഘടനാ അംഗത്വവിതരണ പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്നതെന്ന വിലയിരുത്തലുമുണ്ട്.

Eng­lish Sum­ma­ry: Sud­hakaran defies the High Com­mand and moves on
You may like this video also

Exit mobile version