Site iconSite icon Janayugom Online

സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി ഇരിക്കാന്‍ യോഗ്യനല്ല;രൂക്ഷ വിമര്‍ശനവുമായി മമ്പറം

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മമ്പറം ദിവാകരന്‍. കെപിസിസി പ്രസിഡന്റ് പദവിയില്‍ ഇരിക്കാന്‍ ഒരു യോഗ്യതയും ഇല്ലാത്തയാളാണ് കെ സുധാകരനെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കെപിസിസി പ്രസിഡന്റെന്നത് മഹത്തായ പദവിയാണ്. കെ സുധാകരന്‍ പ്രസിഡന്റാകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. 

എന്നാല്‍ പ്രസിഡന്റായശേഷം ഒന്നും പറഞ്ഞിട്ടില്ല.ഇനി വായതുറന്നാല്‍ സുധാകരന് താങ്ങാനാകില്ലെന്നും മമ്പറം ദിവാകരന്‍ വ്യക്തമാക്കി. അതേസമയം മമ്പറം ദിവാകരനെ പാർട്ടിയില്‍ നിന്നും പുറത്താക്കിയതായി കെ പി സി സി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയര്‍മാനും കെപിസിസി മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ മമ്പറം ദിവാകരന്‍.തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ സുധാകരന്റെ നീക്കത്തിനെതിരേയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിനെതിരേയും മമ്പറം ദിവാകരന്‍ രൂക്ഷമായ പ്രതികരണം നടത്തിയത്.

സുധാകരന്‍ കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്തിന് ശേഷം ആദ്യം ലക്ഷ്യം വെച്ചത് തന്നെയായിരുന്നുവെന്നും മമ്പറം ദിവാകരൻ ആരോപിച്ചു. എന്നെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയതിനുപിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണ്. ചിറക്കൽ സ്കുളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരൻ വെളിപ്പെടുത്തണം. ഞാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ വന്നിട്ടും സുധാകരന്‍ തിരിഞ്ഞുനോക്കിയില്ല. ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് ആരും അറിയിച്ചിട്ടില്ല. ഡിസിസിയെ ഒരു നേതാവും എന്നെ സമീപിച്ചിട്ടില്ല.

ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് പ്രാവശ്യം തിരഞ്ഞെടുപ്പ് നടന്നു. ഒരിക്കല്‍ പോലും കെപിസിസിയോ ഡിസിസിയോ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല. 1992ല്‍ ഞാന്‍ ആശുപത്രി പ്രസിഡന്റാകുമ്പോള്‍ ജൂബിലി റോഡിലെ വാടകക്കെട്ടിടത്തിലായിരുന്നു സ്ഥാപനം. ഇന്ന് ആറേക്കര്‍ സ്ഥലവും കെട്ടിടങ്ങളുമുണ്ട്. കുന്നോത്തുപറമ്പില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ഏഴേക്കര്‍ വേറെയുമുണ്ട്. ഇന്ദരാഗാന്ധിയുടെ സ്മാരകമായ ആശുപത്രിയെ നശിപ്പിക്കാന്‍ ആരുവന്നാലും വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയില്‍ നിന്നും പുറത്താക്കിയതിന് ശേഷം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിളിച്ചിരുന്നു.

എന്‍ സി പി നേതാവ് പിസി ചാക്കോയും ബന്ധപ്പെട്ടു. എന്ത് വന്നാലും നെഹ്റു കുടുംബത്തിനും കോണ്‍ഗ്രസിനുമൊപ്പം ജീവിതാന്ത്യംവരെയുണ്ടാകും. ബ്രണ്ണന്‍ കോളേജില്‍ കെ എസ് യു സ്ഥാനാർത്ഥിയായ തനിക്കെതിരെ മത്സരിച്ചയാളാണ് കെ സുധാകരന്‍. എനിക്ക് 1400 വോട്ട് ലഭിച്ചപ്പോള്‍ സുധാകരന് 81 വോട്ടായിരുന്നു ലഭിച്ചത്. അന്ന് എകെ ബാലനാണ് വിജയിച്ചതെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. അതേസമയം, ഇന്ദിരാഗാന്ധി ആശുപത്രി ഭരണം പിടിക്കാന്‍ സുധാകരന്‍ നടത്തുന്ന നീക്കമാണ് ഇപ്പോഴത്തെ ഈ പുറത്താക്കലിന് അടക്കമെന്ന സൂചനയും ശക്തമാണ്. എന്നാല്‍ അത് അത്ര എളുപ്പം സാധ്യമല്ല. 1992 ൽ എൻ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാൻ സുധാകരന് ശക്തമായ പിന്തുണയുമായി കൂടെ നിന്നയാളായിരുന്നു ദിവാകരന്‍. എന്നാല്‍ പിന്നീട് ഇരുവരും അകലുകയായിരുന്നു

Eng­lish Sum­ma­ry: Sud­hakaran is not fit to be KPCC president

You may also like thsis video : 

Exit mobile version