Site iconSite icon Janayugom Online

ഒഴിയാൻ തയ്യാറെന്ന് സുധാകരൻ; അറസ്റ്റുണ്ടായിട്ടും പ്രതിഷേധം ശുഷ്കം

കെപിസിസി അധ്യക്ഷ പദവി ഒഴിയുമെന്ന സൂചന നൽകി കെ സുധാകരൻ. പുരാവസ്തു തട്ടിപ്പ് കേസ്സിൽ അറസ്റ്റിലായപ്പോൾ വേണ്ടത്ര പിന്തുണ മറ്റ് നേതാക്കളിൽ നിന്നും ലഭിക്കാത്തതാണ് പദവി ഒഴിയാൻ കാരണം. പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നും താൻ ചെയ്യില്ലെന്നും സുധാകരൻ കൊച്ചിയിൽ പറഞ്ഞു.
അറസ്റ്റിലായതിന് ശേഷം കൊച്ചിയിൽ തങ്ങിയ സുധാകരൻ കണ്ണൂരിലേക്ക് പുറപ്പെടുന്നതിനായി എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്നും ഇറങ്ങുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കുമെന്നും അതുസംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷൻ അറസ്റ്റിലായിട്ടും ശക്തമായ ഒരു പ്രതിഷേധം ഉയർത്താൻ പാർട്ടിക്കായില്ല. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവെങ്കിലും പങ്കാളിത്തം കൊണ്ട് ശുഷ്കമായി. അതിനേക്കാൾ സുധാകരന് തിരിച്ചടിയായത് മറ്റ് നേതാക്കളുടെ മൗനമാണ്. അറസ്റ്റിനെതിരെ ആത്മാർത്ഥമായ ഒരു പ്രതികരണവും ഒരിടത്തു നിന്നും ഉണ്ടായില്ല.
നിയമക്കുരുക്കിനൊപ്പം രാഷ്ട്രീയമായ ഈ ഒറ്റപ്പെടലും സുധാകരനെ ദുർബലനാക്കി. സുധാകരന്റെ പ്രതികരണത്തിലും ഈ നിരാശ പ്രകടമായിരുന്നു. ഇതിനിടെ കേസ്സിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന ചില കത്തുകൾ ഹൈക്കമാന്റിന് കേരളത്തിൽ നിന്നും ലഭിച്ചതും സുധാകരന്റെ നിലനിൽപ് അപകടത്തിലാക്കിയിട്ടുണ്ട്. ഹൈക്കമാന്റിൽ നിന്നും ഒരു ഇടപെടൽ എ, ഐ ഗ്രൂപ്പുകൾ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം തനിക്കെതിരെയുള്ളത് ചെറിയ കേസോ നിസ്സാര തെളിവുകളോ അല്ലെന്ന് ഒറ്റ ദിവസത്തെ ചോദ്യം ചെയ്യൽ കൊണ്ട് സുധാകരന് ബോധ്യമായി. കാത്തിരിക്കുന്ന നിയമക്കുരുക്കും സുധാകരനെ ദുർബലനാക്കുന്നു.
ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സുധാകരനൊപ്പം പാർട്ടിയുണ്ടാകും. സുധാകരനെതിരെ വ്യാജ വാർത്തയുണ്ടാക്കി അറസ്റ്റ് ചെയ്തതാണ്. അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ വൈരാഗ്യബുദ്ധിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
you may also like this video;

Exit mobile version