Site icon Janayugom Online

സുധാകരൻ ജാഗ്രത പാലിക്കണമായിരുന്നു, മോൻസൺ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിലെ ഇന്ത്യയിലെ കണ്ണിയെന്ന് : ബെന്നി ബെഹ്നാന്‍

വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് ബെന്നി ബെഹ്നാന്‍. മോന്‍സന്റേത് വെറും പണമിടപാട് കേസല്ല, അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പിലെ കണ്ണിയാണ്, കേന്ദ്ര ഏജന്‍സി സമഗ്രാന്വേഷണം നടത്തണമെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു. ‘കെപിസിസി പ്രസിഡണ്ട് അവിടെ പോയി എന്ന് അദ്ദേഹം സമ്മതിച്ചു. ചികിത്സയുമായി ബന്ധപ്പെട്ടാണ് പോയത്. എന്നാല്‍ പൊതു പ്രവര്‍ത്തകര്‍ കുറച്ച് കൂടി ജാഗ്രത പാലിക്കണം. കാരണം ഇയാള്‍ ഒരു ഡോക്ടര്‍ പോലും അല്ല. ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടത്തിലേക്ക് പോകും. തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന വ്യക്തയല്ല. സുധാകരന്‍. എന്നാല്‍ പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം.’ ബെന്നി ബെഹ്നാന്‍ പ്രതികരിച്ചു.

പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിലെ ഇന്ത്യയിലെ കണ്ണിയാണെന്നും ഇപ്പോഴത്തെ അന്വേഷണം ഇയാളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും ബെന്നി ബഹനാൻ എം.പി. വെറും പണം തട്ടിപ്പ് കേസ് മാത്രമാക്കി നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണോയെന്ന് സംശയമുണ്ട്. ഉന്നതരായ പൊലീസ് ഉദ്യോഗസ്‌ഥർ, ഉന്നത രാഷ്ട്രീയ നേതാക്കൾ, ചലച്ചിത്ര താരങ്ങൾ മാധ്യമപ്രവർത്തകർ തുടങ്ങിയവരെ വീട്ടിൽ ക്ഷണിച്ചു വരുത്തി ഉന്നതബന്ധം ഉണ്ടെന്ന പുകമറ സൃഷ്ടിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഗൗരവമായ അന്വേഷണം നടത്തിയാൽ മാത്രമേ ഇയാളുടെ തട്ടിപ്പുകൾ പുറത്തു കൊണ്ടുവരാൻ കഴിയൂ.

മഞ്ഞുമലയുടെ ഒരംശം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് കള്ളക്കടത്ത് കഴിഞ്ഞാൽ ശക്തമായ മാഫിയാണ് പുരാവസ്തു കള്ളക്കടത്ത്. കള്ളക്കടത്ത് നടത്തിയതിനെതിരെയുള്ള അന്വേഷണമാണ് മോൻസൻ മാവുങ്കലിന് എതിരെ നടത്തേണ്ടത്. കള്ളക്കടത്ത് സംഘത്തിന്റെ പണം രാജ്യാന്തര തലത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളതാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ഇത്തരം കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിയില്ല. ഇയാളുടെ വീടിനും വ്യാജ പുരാവസ്തുക്കൾക്കും സംരക്ഷണം നൽകാൻ പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ്‌ ബെഹ്‌റ കത്ത് നൽകാൻ ഇടയായ സാഹചര്യം അദ്ദേഹം താനെന്ന വിശദീകരിക്കണം.

മോൻസന് ചോർത്തി നൽകിയ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെയും ഉടൻ നടപടിയെടുക്കണം. സംസ്‌ഥാന ഡി ജി പിയും, എ ഡി ജി പിയും വീട്ടിൽ ചെന്ന് വാളും പരിചയും പിടിച്ചു നിൽക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണോയെന്നും ബെന്നി ബഹനാൻ ചോദിച്ചു. സംസ്‌ഥാന പോലീസിന്റെ ഇന്റലിജൻസ് സംവിധാനം പിന്നെ എന്തിനാണ്. സി.ബി.ഐ, ഡി.ആർ.ഐ, കസ്റ്റംസ് , ഇ ഡി , എൻ ഐ എ തുടങ്ങിയ ഏജൻസികളുടെ ഏകോപിച്ചുള്ള അന്വേഷണം ആവശ്യമാണ്. കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടാൻ കഴിയുന്ന തരത്തിലുള്ള സമഗ്ര അന്വേഷണം നടത്തണം. അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ബെന്നി ബഹനാൻ മുന്നറിയിപ്പ് നൽകി.

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നേരത്തെ എറണാകുളം എംപി ഹൈബി ഈഡന്‍ രംഗത്തെത്തിയിരുന്നു. പൊതു പ്രവര്‍ത്തകര്‍ക്ക് ഫോട്ടോകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കണം, ഒരു തവണ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയിട്ടുണ്ട്. മോന്‍സണ്‍ ഭാരവാഹിയായ പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിളിച്ചത് പ്രകാരമാണ് ആ വീട്ടില്‍ പോയത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, അതിന് ശേഷം മോന്‍സണ്‍ എന്നയാളെ കണ്ടിട്ടില്ലെന്നുമായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.

ENGLISH SUMMARY:Sudhakaran should have been care­ful: Ben­ny Behnan

You may also like this video

Exit mobile version