ശശി തരൂരിനെ ഒതുക്കാൻ വി ഡി സതീശന്റെ ഗ്രൂപ്പിൽ നിന്നുള്ളവർ പതിനെട്ടടവും പയറ്റുമ്പോൾ ഇന്ന് കൊച്ചിയിൽ നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോൺക്ലേവിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പങ്കെടുക്കില്ലെന്ന് സൂചന. ഉദ്ഘാടന സമ്മേളനത്തിലാണ് സുധാകരൻ പങ്കെടുക്കേണ്ടിയിരുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. പരിപാടിയില്‍ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയില്‍ എത്തില്ല. കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത്. അതുകാണ്ട് സുധാകരന്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
പ്രൊഫഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന തരൂർ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഈ സ്ഥാനം രാജിവച്ചിരുന്നു. ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കിയതോടെ രമേശ് ചെന്നിത്തലയും സതീശനും അടക്കമുള്ളവർ തരൂരിനെതിരെ കടുത്ത ആക്രമണവുമായി രംഗത്തു വന്നത് അവർക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് കേരളത്തിലേക്കെത്തുന്നത് സ്ഥാനമോഹത്തിനു വേണ്ടിയാണെന്ന തരത്തിൽ തരൂർ വിരുദ്ധ ക്യാമ്പുകൾ പ്രചാരണം നടത്തി. എന്നാല്‍ കെ മുരളീധരൻ മുതൽ എം എം ഹസൻ വരെ തരൂരിനെ അനുകൂലിച്ചതോടെ കടുത്ത നിലപാടിലേക്ക് പോകാതെ സമവായ നിലപാട് എടുക്കാൻ തരൂർ വിരുദ്ധർ നിർബന്ധിതരായി.
പാർട്ടിയിൽ സമാന്തര പ്രവർത്തനങ്ങൾ പാടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ കെപിസിസി അച്ചടക്ക സമിതി തരൂരിനോട് നിർദ്ദേശിച്ചു. ഏതു പരിപാടിക്കുമുള്ള ക്ഷണം പാർട്ടിയുടെ നേതാവെന്ന നിലയിൽ സ്വീകരിക്കാം. എന്നാൽ പരിപാടി നടക്കുന്ന ജില്ലയിലെ ഡിസിസി അറിയാമെന്നും അച്ചടക്ക സമിതി ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ശശി തരൂരിന്റെ നീക്കങ്ങൾക്കെതിരെ രഹസ്യ പടയൊരുക്കത്തിലാണ് സതീശൻ ഗ്രൂപ്പ്. എന്നാൽ ഹൈബി ഈഡൻ അടക്കമുള്ള യുവ നേതാക്കൾ തരൂരിനെ തുണയ്ക്കുന്നത് ആശയക്കുഴപ്പത്തിന് വഴിവച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദമാണ് തരൂരിന്റെ ലക്ഷ്യമെന്നും ഈ നീക്കത്തെ ശക്തമായി തടയണമെന്നുമാണ് സതീശൻ അനുകൂലികളുടെ നിലപാട്. എ ഗ്രൂപ്പിന്റെ രഹസ്യ പിന്തുണ തരൂരിന് ഉണ്ടെന്നാണ് സതീശൻ അനുകൂലികളുടെ വിലയിരുത്തൽ. എന്നാല്‍ ഇക്കാര്യത്തിൽ കെ സുധാകരൻ തരൂരിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
English Summary: Sudhakaran will not share the stage with Tharoor; Satheesan Group is looking for a solution
You may also like this video