Site iconSite icon Janayugom Online

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വെളിപ്പെടുത്തല്‍: ഉദ്യോഗസ്ഥന്‍ മൊഴിയെടുത്തു

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥിക്കുവേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം. തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചതായ വെളിപ്പെടുത്തലിന്മേല്‍ കേസ് എടുക്കാനും വിശദമായ അന്വേഷണം നടത്താനും വേണ്ട അടിയന്തര നടപടി സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് രത്തന്‍ യു ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആലപ്പുഴയിൽ ജി സുധാകരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അത്യന്തം ഗൗരവമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാണുന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് 1951‑ലെ ജനപ്രാതിനിധ്യ നിയമത്തിലെ 136, 128 ഉള്‍പ്പെടെയുള്ള വകുപ്പുകൾ, 1961 ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങൾ, ഭാരതീയ ന്യായ സംഹിത എന്നിവ അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണ്. 1989ൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് തപാല്‍ വോട്ടില്‍ കൃത്രിമത്വം കാണിച്ചതായി വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്നും ഡോ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ(എം) സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നും ഈ സംഭവത്തില്‍ ഇനി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു സുധാകരന്‍ വെളിപ്പെടുത്തിയത്

Exit mobile version