കേന്ദ്രം അവശ്യവസ്തു പട്ടികയിൽ കുരുമുളക് ഉൾപ്പെടുത്തിയ നടപടി കുരുമുളക് കർഷകരെ കുത്തുപാളയെടുപ്പിക്കുമെന്ന് വിലയിരുത്തൽ. വിദേശത്തു നിന്ന് കുറഞ്ഞവിലയ്ക്ക് യഥേഷ്ടം ഇറക്കുമതി ചെയ്ത് ഭീമമായ ലാഭം കൊയ്യാൻ വൻകിടക്കാർക്ക് അവസരം നൽകിയതിലൂടെ സംഭവിച്ച വിലവർധനവിന് സാധാരണ കർഷകരെയാണ് കേന്ദ്രം ശിക്ഷിക്കുന്നത്. കുരുമുളക് ഉള്‍പ്പെടെ 16 അവശ്യസാധനങ്ങൾ കൂടിയാണ് വില നിരീക്ഷണ പട്ടികയിൽ കൊണ്ടുവന്നത്. കുരുമുളക് സംസ്കരിച്ചും പായ്ക്കറ്റിലാക്കിയും വിപണിയിലെത്തിക്കുന്നവർ വലിയ വില ഈടാക്കി വൻ ലാഭമെടുക്കുന്നുണ്ട്. എന്നാൽ, അതിനനുസരിച്ച നേട്ടം കർഷകർക്ക് കിട്ടുന്നില്ല. വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന വസ്തുവായി കുരുമുളക് മാറിയിട്ടുണ്ട്. ഇതിനനുസരിച്ച് രാജ്യത്ത് ഉല്പാദനം കൂടിയിട്ടില്ല.
ശ്രീലങ്ക, വിയറ്റ്നാം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ കുരുമുളക് വാങ്ങി വലിയ വിലയ്ക്ക് കയറ്റുമതി ചെയ്തും പായ്ക്കറ്റുകളിലാക്കി ആഭ്യന്തര വിപണിയിലെത്തിച്ചും കുത്തകകൾ വൻ ലാഭമാണുണ്ടാക്കുന്നത്. അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയതുകൊണ്ട് അവർക്ക് കാര്യമായൊന്നും നഷ്ടപ്പെടാനില്ല എന്നതാണ് വസ്തുത. കിട്ടുന്ന ലാഭത്തിന്റെ ഒരംശം കുറവ് വരുമെന്നു മാത്രം. അതേസമയം, സാധാരണ കർഷകരുടെ ഉല്പന്നത്തിന് വിലത്തകർച്ചയുണ്ടാവുകയും ചെയ്യും. വിദേശങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ചരക്ക് വാങ്ങി വലിയ വിലയ്ക്ക് വില്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്. രാജ്യത്തെ കർഷകരുടെ നട്ടെല്ലൊടിക്കുന്ന ഇറക്കുമതിക്കെതിരെ പരാതികളുയരുന്നുണ്ടെങ്കിലും വാണിജ്യ മന്ത്രാലയം അവർക്ക് പച്ചക്കൊടി കാണിക്കുന്ന നയം തുടരുകയാണെന്നാണ് കർഷകരുടെ കുറ്റപ്പെടുത്തൽ. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും കള്ളക്കടത്തായും ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിന്റെ മറപറ്റി രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ കുരുമുളക് എത്തുന്നുണ്ട്. നേപ്പാളിലേക്കെന്ന വ്യാജേനപോലും ചരക്ക് ഇന്ത്യൻ തുറമുഖങ്ങളിലെത്തുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില വ്യവസായികളാണ് ഇതിനായി ചരടുവലിക്കുന്നതെന്നാണ് ആക്ഷേപം. പോയവർഷം ജനുവരി — ഏപ്രിൽ കാലയളവിൽ 20,000 — 24,000 ടൺ വിയറ്റ്നാം കുരുമുളകാണ് രാജ്യത്തെ വിവിധ തുറമുഖങ്ങൾ വഴി എത്തിയതെന്നാണ് ഏകദേശ സൂചന.