Site iconSite icon Janayugom Online

ചൂരൽമല പുനരധിവാസം; രണ്ടാം ഘട്ട കരട് പട്ടിക തയ്യാറായി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് കരട് പട്ടികയിലുള്ളത്. വാർഡ് പത്തിൽ 42, 11ൽ 29, 12ൽ 10 കുടുംബങ്ങളെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ടൗൺഷിപ്പിൽ 323 കുടുംബങ്ങളായി.
ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ശനിയാഴ്ച അർധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. പട്ടികയിൽ അപാകതകൾ ഉണ്ടെന്നും അർഹരായ നിരവധി പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ദുരന്ത ബാധിതർ പറയുന്നു. 

ചൂരൽമല മുണ്ടക്കൈ ദുരന്ത മേഖലയിൽ നോ ഗോ സോൺ പ്രദേശത്തെ കരട് പട്ടികയാണ് തയ്യാറായത്. പരാതികളും ആക്ഷേപങ്ങളും 10 ദിവസത്തിനകം ഉന്നയിക്കാൻ അവസരമുണ്ട്. വൈത്തിരി താലൂക്ക് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് എന്നിവിടങ്ങളിൽ ഹെല്പ് ഡെസ്കുകളുണ്ട്. മാർച്ച് ഏഴ് വരെ ആക്ഷേപങ്ങൾ നൽകാം. ആക്ഷേപങ്ങളിൽ സ്ഥല പരിശോധന നടത്താൻ സബ്കളക്ടർക്കാണ് ചുമതല. അതേസമയം പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് മുണ്ടക്കൈ ‑ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ദുരന്തമേഖലയിൽ കുടിൽ കെട്ടി സമരം നടത്തിയിരുന്നു. ഇന്ന് ജനകീയ ആക്ഷൻ കമ്മിറ്റി കളക്ടറേറ്റിന് മുമ്പിൽ ഉപവാസ സമരവും സംഘടിപ്പിക്കുന്നുണ്ട്. 

Exit mobile version