രാത്രിയുടെ കടുപ്പത്തിന് പൊന്നിന്റെ വെളിച്ചം. സീനിയർ പെൺകുട്ടികളുടെ (മൂന്ന് കി.ഗ്രാം) ഹാമർ ത്രോയിൽ സുഹൈമ നിലോഫറിന്റെ സ്വർണ നേട്ടത്തിന് പിന്നിൽ കഠിനാധ്വാനത്തിന്റെ പൊൻതിളക്കം. ഹാമർ ത്രോ ഇനങ്ങൾ പരിശീലിക്കാൻ മികച്ച സൗകര്യം ഇല്ലാതിരുന്നിട്ടും മലപ്പുറം ആലത്തിയൂർ കെ എച്ച് എം എച്ച് എസിനായി മൽസരിച്ച സുഹൈമയുടെ നേട്ടത്തിന് പത്തരമാറ്റാണ്. സ്കൂള്‍ ഗ്രൗണ്ടിന്റെ അസൗകര്യം മറികടന്ന് രാത്രി വേളകളിൽ ആയിരുന്നു സുഹൈമയുടെ കഠിന പരിശീലനം. കഴിഞ്ഞ തവണ സംസ്ഥാന സ്കൂൾ കായികളയിൽ നേടിയ വെള്ളി നേട്ടം സ്വർണമാക്കി ഉയർത്തിയപ്പോൾ സുഹൈമയുടെ സന്തോഷം കണ്ണീരായി പൊഴിഞ്ഞു. തന്റെ മികച്ച ദൂരമായ 48.33 മീറ്റർ എറിഞ്ഞാണ് സ്വർണം അക്കൗണ്ടിലാക്കിയത്. പ്ലസ് ടു വിദ്യാർത്ഥിനിയാണ്. തൃശൂൾ കുന്നംകുളം മടത്തിപ്പറമ്പിൽ അബ്ദുൾ അസീസ്-റാബിയ ദമ്പതികളുടെ മകളാണ്. സഹോദരൻ ഷംസീർ നാഷണൽ അത്‌ലറ്റായിരുന്നു. ഷെറിൻ സഹോദരിയാണ്. ഈയിനത്തിൽ ഇതേ സ്കൂളിലെ റിദ എം വെങ്കലവും പാലക്കാട് വി എം എച്ച് എസ് എസ് വടവന്നൂർ സ്കൂളിലെ പല്ലവി സന്തോഷ് വെള്ളിയും നേടി.