തിരുവനന്തപുരം കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻകുഴി ശാന്തി ഗാർഡനിൽ സജിത(54), മകൾ ഗ്രീമ(30) എന്നിവരാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് വാട്സാപ്പിലൂടെ അയച്ചുകൊടുത്ത ശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിക്കുകയും, തുടർന്ന് പൂന്തുറ പൊലീസ് എത്തി വീട് ചവിട്ടിത്തുറന്ന് പരിശോധിച്ചപ്പോഴാണ് ഹാളിലെ സോഫയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ കഴിഞ്ഞ ആറ് വർഷമായി വിദേശത്തായിരുന്നു. ഇവർ തമ്മിൽ ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞദിവസം ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ ഉണ്ണികൃഷ്ണനും ഗ്രീമയും തമ്മിൽ അവിടെവെച്ച് തർക്കമുണ്ടായതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൂന്തുറ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

