എറണാകുളം കടമക്കുടിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ആത്മഹത്യ ചെയ്ത ശിൽപയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ലോണ്‍ എടുത്ത ഓണ്‍ലൈന്‍ ആപ്പിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. മാനഹാനിയുണ്ടാക്കുന്ന നിലയിൽ ആപ്പിൽ നിന്നും സന്ദേശങ്ങൾ വന്നുവെന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്.
സാമ്പത്തിക ബാധ്യതയിൽ നിജോയും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓണ്‍ലൈൻ ആപ്പ് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. നിജോയുടെ ഭാര്യ ശിൽപയുടെ ഫോണ്‍ സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും. ശിൽപയുടെ ഫോണിലാണ് വായ്പ ഇടപാടുകൾ നടന്നത്. ഈ ഫോണിലേക്കാണ് സന്ദേശങ്ങളും വരുന്നത്. ഉടൻ ഫോണ്‍ പരിശോധിക്കും. അന്വേഷണം ശരിയായ ദിശയിലാണെന്ന് എറണാകുളം റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു.
കൂനമ്മാവിലുള്ള ഫെഡറൽ ബാങ്ക് ശാഖയിലാണ് ശിൽപയുടെ അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് പണം വന്നതിന്‍റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവിൽ നരഹത്യ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ആപ്പിന്‍റെ വിശദാംശങ്ങൾ ലഭിച്ചാൽ അവരെ കൂടി പ്രതിചേർത്താകും അന്വേഷണം. അതേസമയം ആത്മഹത്യക്ക് ശേഷവും ബന്ധുക്കളുടെ ഫോണിലേക്ക് ഭീഷണി സന്ദേശം തുടരുകയാണ്. ശിൽപയുടെ മോർഫ് ചെയ്ത ഫോട്ടോ വച്ചുള്ള സന്ദേശങ്ങൾ എത്തിയതിൽ സഹോദരനും പരാതി നൽകി. വായ്പ എടുക്കാൻ നേരം ആപ്പിലേക്ക് അധിക വിവരങ്ങളുടെ ഭാഗമായി നൽകിയ നമ്പരുകളിലേക്കാണ് സന്ദേശം എത്തുന്നത്.
English Summary:Suicide of a couple in Kadamakudi; The police intensified the investigation
You may also like this video