Site icon Janayugom Online

യുവതിയുടെ ആത്മഹത്യ; ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമെന്ന് ആരോപണം

ദലിത് യുവതി സംഗീത ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനത്തെയും തുടര്‍ന്നെന്ന് ആരോപണം. പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു കേസ് അട്ടിമറിക്കുന്നുവെന്നും സംഗീതയുടെ വീട്ടുകാര്‍ക്ക് പരാതിയുണ്ട്. പ്രണയത്തിനൊടുവില്‍ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. രണ്ടാഴ്ച പിന്നിടും മുന്‍പേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങള്‍ക്കു പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. ഭര്‍തൃവീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും സംഗീതയ്ക്ക് അനുമതിയുണ്ടായിരുന്നില്ല.

‘വീട്ടില്‍നിന്ന് ഒന്നും കൊടുത്തിട്ടില്ല അതിനാല്‍ നീ കസേരയില്‍ ഇരുന്നു ടിവി കാണാന്‍ പാടില്ല എന്ന് സംഗീതയോടു പറഞ്ഞിട്ടുണ്ട്. അവള്‍ക്കു ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രത്യേക പ്ലേറ്റും ഗ്ലാസുമൊക്കെ ഉണ്ടായിരുന്നു’ സംഗീതയുടെ ബന്ധു പറഞ്ഞു.

സ്ത്രീധനം ലഭിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ സുമേഷ്, സംഗീതയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. പരാതി നല്‍കിയെങ്കിലും പൊലീസ് സംഗീതയെ സുമേഷിനൊപ്പം അയച്ചു. വീട്ടിലെത്തിയ സംഗീത തുങ്ങിമരിച്ചു. വീട്ടിലുണ്ടായിരുന്നു സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും വിവരം മറച്ചുവച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തെങ്കിലും 40 ദിവസം പിന്നിടുമ്പോഴും സുമേഷിനെ പിടികൂടിയിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടക്കുന്നു എന്നുമാണ് പൊലീസിന്റെ വിശദീകരണം. ഹൈക്കോടതിയുടെ മുന്നിലെ പുറമ്പോക്കില്‍ കഴിയുന്ന സംഗീതയുടെ കുടുംബം നീതിക്കായുള്ള പോരാട്ടം തുടരുകയാണ്.

Eng­lish sum­ma­ry; sui­cide of the young woman; Alle­ga­tion of caste abuse and dowry harassment

You may also like this video;

Exit mobile version