വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ എംഎന്‍ വിജയനും,മകന്‍ ജിജേഷും ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് പൊലീസിന്റെ പ്രത്യേക സംഘം.ഉത്തരമേഖല ഡിഐജി രാജ് പാല്‍മീണയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ഏഴംഗസംഘം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അടക്കമുള്ളവരെ ചോദ്യംചെയ്യും.
ബത്തേരി ഡിവൈഎസ് പി കെ കെ അബ്ദുള്‍ ഷെരീഫിനാണ് അന്വേഷണ ചുമതല. അസ്വാഭാവിക മരണത്തിന് ബത്തേരി പൊലീസെടുത്ത കേസിൽ സംഘം പ്രാഥമിക നടപടികളിലേക്ക് കടന്നു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിയമനം വാഗ്‌ദാനംചെയ്‌ത് കോഴവാങ്ങിയതിന്റെ പുറത്തുവന്ന രേഖകളും കത്തും കേന്ദ്രീകരിച്ചാണ് അന്വേഷണം. പണമിടപാടും എൻ എം വിജയനും ഉദ്യോഗാർഥിയും തമ്മിലുണ്ടായി കരാറും ഉൾപ്പെടെ അന്വേഷിക്കും. ഈ രേഖകളിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന് വിജയൻ അയച്ച കത്തിലും പരാമർശിക്കുന്നവരെ ചോദ്യംചെയ്യും.
ആരോപണവിധേയനായ മുൻ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ ചോദ്യംചെയ്യും. എൻ എം വിജയനെ ഇടനിലക്കാരനാക്കി 1.18 കോടി രൂപ ഉദ്യോഗാർഥികളിൽനിന്ന് കോൺഗ്രസ് നേതാക്കൾ കോഴവാങ്ങിയെന്നാണ് ആക്ഷേപം. കബളിപ്പിക്കപ്പെട്ടതോടെ ബാധ്യത വിജയന്റെ ചുമലിലായി. നേതാക്കൾ വാങ്ങിയ പണം ഉദ്യോഗാർഥികൾക്ക് തിരികെ നൽകുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിജയൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകർ എടുത്തുമാറ്റിയെന്ന ആക്ഷേപത്തിലും പൊലീസ് അന്വേഷണം നടത്തും. 24ന് രാത്രി ഒമ്പതോടെ വിജയനും മകനും വിഷം കഴിച്ച വിവരം അറിഞ്ഞ് ആദ്യമെത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് ചോദ്യംചെയ്യും. വിഷംകഴിച്ച് അവശനിലയിലായ വിവരം അറിഞ്ഞ് വീട്ടിൽ ആദ്യമെത്തിയത് കോൺഗ്രസിന്റെ രണ്ട് പ്രാദേശിക നേതാക്കൾ. ജില്ലാ സെക്രട്ടറി പിറകെയെത്തി. ഇവരെത്തുമ്പോൾ വിജയനും മകനും ഛർദിച്ച് അവശനിലയിലായിരുന്നു. ദേഹം കഴുകി വൃത്തിയാക്കിയശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അസ്വാഭാവിക മരണത്തിൽ ബത്തേരി പൊലീസ് രജിസ്റ്റർചെയ്‌ത കേസിലാണ് ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച അന്വേഷണവും.