മകരമാസ ചേലിനെ
അത്രമേൽ സ്നേഹിച്ച
മഞ്ഞുതുള്ളി
ഹൃദയംകൊണ്ട് അവർ
പരസ്പരം സ്നേഹത്താൽ നുള്ളി
ഗാഢമായി പുൽകി
പുതിയ മാസത്തിന്റെ
പുതുമോടി കണ്ടപ്പോൾ
മറുകണ്ടം ചാടി
അങ്ങനെ മഞ്ഞ് വഞ്ചിക്കപ്പെട്ടു
അതിന്റെ കണ്ണുനിറയുന്നത്
സൂര്യൻ മാത്രം കണ്ടു
പൊൻവെയിൽ തൂവാലയാൽ
അതിനെ അപ്പാടെ ഒപ്പിയെടുക്കുന്നു
സഹിക്കവയ്യാതെ
ഇലത്തുമ്പ് മലയുടെ
സൂയിസൈഡ് പോയിന്റിൽ നിന്നും
താഴേക്ക് ചാടി
മരിച്ചവരായി തുള്ളികൾ
താഴെ വീണ്
ചിതറിത്തെറിച്ച് കിടപ്പുണ്ട്;
പ്രണയത്തിന്റെ കുളിരുള്ള
ദേഹങ്ങൾ, മോഹങ്ങൾ
പ്രാവുകൾ വന്ന്
കൊത്തിയെടുത്ത് തിന്നുന്നു;
നീയെന്ന മാത്രം ചിന്തയുടെ
മഴവില്ല് പ്രതിഫലിച്ച
തുള്ളി അവശിഷ്ടങ്ങളെ
ശേഷം നീട്ടി കുറുകുന്നു
ചില സ്നേഹങ്ങൾ അങ്ങനെയാണ്
മരിച്ചിട്ടും മരിക്കാതെ
മുറിച്ചിട്ടും മുറിയാതെ
ആരിലൂടെയെങ്കിലും
തുടിച്ചു കൊണ്ടേയിരിക്കും
സൂയിസൈഡ് പോയിന്റ്

