Site iconSite icon Janayugom Online

തണ്ണിമത്തൻ നടാൻ അനുയോജ്യ സമയം

വേനൽക്കാലത്തേയ്ക്ക് മികച്ച വിളവ് ലാക്കാക്കി തണ്ണിമത്തൻ കൃഷി ആഗ്രഹിക്കുന്നുവെങ്കിൽ തൈകൾ നടാൻ മികച്ച സമയം നവംബർ — ഡിസംബർ മാസങ്ങളാണ്. 25–30 സെൽഷ്യസാണ് തണ്ണിമത്തൻ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില. അതേസമയം, നല്ല സൂര്യപ്രകാശം ലഭിക്കുകയും മണ്ണിൽ നീർവാർച്ച ഉറപ്പാക്കുകയും വേണം. 30 X 45 സെന്റിമീറ്റർ ഉയരം, 1.5–2 മീറ്റർ വീതിയുമുള്ള പണകൾ തയ്യാറാക്കുക. 2 x 1 മീറ്റർ അകലത്തിൽ തൈകൾ നടാം. തടം ഒന്നിന് 5–6 കിലോ ഗ്രാം ജൈവവളം ചേർത്തു കൊടുക്കാം. കൂടാതെ, വേപ്പിൻ പിണ്ണാക്ക് 200–250 ഗ്രാം, മണ്ണിര കമ്പോസ്റ്റ് 1–1.5 കിലോ ഗ്രാം, ട്രൈക്കോഡർമ്മ 20–25 ഗ്രാം എന്നിവയും നടുന്നതിനു മുന്നോടിയായി തടത്തിൽ ചേർത്തു കൊടുക്കാം. ഷുഗർ ബേബി, കിരൺ, എഫ്എ‌ച്ച് (1030) മഞ്ഞനിറം, വിജെ-ഫോര്‍ച്വര്‍ എഫ് വണ്‍— ഹെെബ്രിഡ് ചുവപ്പുനിറം എഫ്എ‌ച്ച് 1010 എന്നീ ഇനങ്ങൾ മികച്ചതാണ്. വിത്ത് തടത്തിൽ ഇട്ട് 70–80 ദിവസങ്ങൾക്കുശേഷം വിളവെടുപ്പ് ആരംഭിക്കാം. തണ്ണിമത്തനിൽ സാധാരണയായി കണ്ടുവരുന്ന ചെമ്പൻ മത്തൻ വണ്ട്, കായീച്ച, മുഞ്ഞ, ഇലപ്പേൻ എന്നിവയ്ക്കെതിരെ അസാഡിറക്ടിൽ 3–5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിച്ചുകൊടുക്കാം. കായയോടു ചേർന്നുള്ള തണ്ട് ഉണങ്ങാൻ ആരംഭിക്കുകയും ബ്രൗൺ നിറമാവുകയും ചെയ്താൽ വിളവെടുക്കാൻ പാകമായതായി കണക്കാക്കാം.

 

Exit mobile version