Site iconSite icon Janayugom Online

ഇൻഡിഗോ വിമാനത്തിൽ സ്യൂട്ട്കേസ് മുറിച്ച് മോഷണം; 40,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് മുംബൈ യുവതിയുടെ പരാതി

ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ സ്യൂട്ട്കേസുകൾ മുറിച്ച് 40,000 രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷ്ടിച്ചതായി പരാതി. മുംബൈ സ്വദേശിയായ റിതിക അറോറയാണ് പരാതി നല്‍കിയത്. കീറിമുറിച്ച സ്യൂട്ട്കേസുകളുടെ ചിത്രങ്ങൾ സഹിതം ‘ഇൻഡിഗോയുടെ ഉത്തരവാദിത്തമില്ലായ്മയിൽ അങ്ങേയറ്റം നിരാശയുണ്ട്’ എന്ന അടിക്കുറിപ്പോടെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് യുവതി ഈ വിവരം പങ്കുവെച്ചത്. “ഇൻഡിഗോയിൽ മുംബൈ-ഡൽഹി വിമാനയാത്രക്കിടെ രണ്ട് ചെക്ക്-ഇൻ സ്യൂട്ട്കേസുകൾ മുറിച്ച് അതിൽ നിന്ന് 40,000 രൂപയുടെ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടു,” അവർ പോസ്റ്റിൽ കുറിച്ചു.
എന്നാൽ, സിസിടിവി ദൃശ്യങ്ങളുടെ വിശദമായ അവലോകനം ഉൾപ്പെടെ സമഗ്രമായ അന്വേഷണത്തിന് ശേഷം മോഷണമോ ക്രമരഹിതമായ കൈകാര്യം ചെയ്യലോ കണ്ടെത്താനായില്ലെന്ന് അറിയിച്ച് ഇൻഡിഗോ കമ്പനി പ്രതികരണവുമായി രംഗത്തെത്തി. 

“മിസ് അറോറ, നിങ്ങളുടെ സമീപകാല അനുഭവത്തിൽ ഞങ്ങൾ ശരിക്കും ഖേദിക്കുന്നു. എന്നാൽ എന്തെങ്കിലും മോഷ്‌ടിച്ചതായുള്ള സൂചനകളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല,” എന്ന് ഇൻഡിഗോ മറുപടി നൽകി. അതേസമയം, യുവതിയുടെ പോസ്റ്റിന് മറുപടിയായി നിരവധി ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ ഇൻഡിഗോ യാത്രയ്ക്കിടെ തങ്ങളുടെ ബാഗേജിനും സമാനമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.

Exit mobile version