Site iconSite icon Janayugom Online

ബാലിയിലെ ‘സ്യൂട്ട്കേസ് കൊലപാതകം’; ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അമേരിക്കൻ പൗരനെ നാടുകടത്തി

ബാലിയിലെ ആഡംബര റിസോർട്ടിൽ വെച്ച് കാമുകിയുടെ അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ പൗരൻ ടോമി ഷാഫറെ ഇന്തോനേഷ്യ നാടുകടത്തി. 11 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ഷാഫർ പുറത്തിറങ്ങിയത്. 2014ൽ നടന്ന ഈ കൊലപാതകം ആഗോളതലത്തിൽ വലിയ വാർത്തയായിരുന്നു. 

ടോമി ഷാഫറും കാമുകി ഹീതർ മാക്കും അവരുടെ അമ്മ ഷീല വോൺ വീസ്-മാക്കും ബാലിയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഷീലയുടെ പേരിലുള്ള 1.5 ദശലക്ഷം ഡോളറിന്റെ ട്രസ്റ്റ് ഫണ്ട് സ്വന്തമാക്കുന്നതിനായി ഷാഫറും ഹീതറും ചേർന്ന് അവരെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. ഹീതർ അമ്മയുടെ വായ പൊത്തിപ്പിടിക്കുകയും ഷാഫർ ഫ്രൂട്ട് ബൗൾ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ടാക്സിയുടെ ഡിക്കിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ടാക്സി ഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

നല്ല നടപ്പിനെത്തുടർന്ന് ശിക്ഷാ ഇളവ് ലഭിച്ചാണ് ഷാഫർ ചൊവ്വാഴ്ച രാവിലെ ജയിൽ മോചിതനായത്. എന്നാൽ അമേരിക്കയിലെത്തിയാലുടൻ ഇയാൾ അവിടെ ഫെഡറൽ കുറ്റകൃത്യങ്ങൾക്കായി വിചാരണ നേരിടേണ്ടി വരും. അമേരിക്കൻ പൗരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ യുഎസിൽ നിലവിലുള്ളത്. വിമാനം കയറുന്നതിന് മുൻപ് തന്റെ പ്രവർത്തിയിൽ ഷാഫർ ഖേദം പ്രകടിപ്പിച്ചു. 

കൊലപാതകം നടക്കുമ്പോൾ 18 വയസ്സായിരുന്ന ഹീതർ മാക്കിന് 10 വർഷവും ഷാഫറിന് 18 വർഷവുമാണ് ഇന്തോനേഷ്യൻ കോടതി ശിക്ഷ വിധിച്ചിരുന്നത്. ഹീതർ ഗർഭിണിയായിരുന്നതിനാലും കൊലപാതകത്തിൽ ചെറിയ പങ്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലും അവർക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചിരുന്നു. 2021ൽ മോചിതയായ ഹീതറിനെ അമേരിക്കയിലെത്തിയ ഉടൻ എഫ് ബി ഐ അറസ്റ്റ് ചെയ്യുകയും ഗൂഢാലോചന കുറ്റത്തിന് 26 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

Exit mobile version