Site iconSite icon Janayugom Online

ടാങ്കര്‍ ലോറിയില്‍ നിന്ന് സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍

ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് കൈയ്യിലും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേവര സിഗ്‌നലില്‍ വെച്ച് മുമ്പില്‍ പോയ ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്ന് ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് സംഭവം. എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ കടന്നുപോയ ഉടനെ യുവാവിന് നീറ്റല്‍ അനുഭവപ്പെടുകയായിരുന്നു. ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ വസ്ത്രങ്ങളെല്ലാം കരിഞ്ഞ നിലയിലായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള പൊലിസുകാരനോട് വിവരം പറയുകയും ടാങ്കര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയുമായിരുന്നു. അപ്പോഴാണ് ടാങ്കറില്‍ സള്‍ഫ്യൂരിക്ക് ആസിഡാണെന്ന് മനസിലായത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വാഹനത്തില്‍ ആസിഡ് കൊണ്ടുപോയത് എന്നാണ് വിവരം. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖത്ത് അധികം പൊള്ളലേറ്റിട്ടില്ല. സംഭവത്തില്‍ കുണ്ടന്നൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version