ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിൽ അധിക വേനൽ മഴ. ഇടുക്കിയിൽ വേനൽ മഴയിൽ 40 ശതമാനത്തിന്റെ വർധനവുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇടുക്കിയിൽ സാധാരണയായി ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവ് 68.3 മില്ലി മീറ്റർ ആയിരുന്നു. ഇന്നലെ വരെ 98.4 മില്ലി മീറ്റർ മഴ അധികമായി ലഭിച്ചു. മാർച്ച് ഒന്ന് മുതലുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കാണിത്. കേരളത്തിൽ മഴയുടെ അളവ് സാധാരണമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്നലെ വരെ ശരാശരി 45.6 മില്ലി മീറ്റർ പ്രതീക്ഷിച്ച സ്ഥാനത്ത് 41.2 മില്ലി മീറ്റർ മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ (65 ശതമാനം) വേനൽ മഴ ലഭിച്ചത്. 93.5 മില്ലി മീറ്റർ വേനൽ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് ഇന്നലെ വരെ രേഖപ്പെടുത്തിയത് 154.6 മില്ലി മീറ്ററാണ്. വയനാട് ജില്ലയിൽ 50ഉം കോട്ടയത്ത് 30 ശതമാനവും അധിക വേനൽ മഴ ലഭിച്ചു. എന്നാൽ കണ്ണൂരിൽ വേനൽ മഴ എത്തിയിട്ടില്ല. കോഴിക്കോട് ജില്ലയിൽ മഴയുടെ ലഭ്യതയിൽ 94 ശതമാനത്തിന്റെ വലിയ കുറവാണുള്ളത്.
മഴയുടെ ലഭ്യതയിൽ മലപ്പുറത്ത് 90ഉം കാസർകോട് 89ഉം തൃശൂർ 85 ശതമാനവും കുറവ് രേഖപ്പെടുത്തി. അടുത്ത ആഴ്ചയോടു കൂടി സംസ്ഥാനത്ത് മഴയുടെ ലഭ്യത കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ വ്യാപകമായല്ല, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് ഇപ്പോൾ പെയ്യുന്നത്. മഴ ഉച്ചയ്ക്കു മുമ്പു പെയ്താലാണ് വേനൽ ചൂടിന് ശമനം വരിക. ഇക്കുറി മഴ ലഭിക്കാത്ത കണ്ണൂർ, കാസർകോട് പോലുള്ള വടക്കൻ ജില്ലകളിൽ വൈകാതെ മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.
English Summary: Summer rains in the state
You may also like this video