Site iconSite icon Janayugom Online

ഡോക്ടറുടെ നിര്‍ദേശപ്രകാരം വെയില്‍ കൊള്ളിച്ചു; നവജാത ശിശു മരിച്ചു

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അരമണിക്കൂറോളം ചൂടുള്ള വെയില്‍ കൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു.
ഭുഗായി സ്വദേശിനിയായ റീതാ ദേവി അഞ്ച് ദിവസം മുമ്പ് സിസേറിയനിലൂടെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നഗരത്തിലെ രാധാ രാമന്‍ റോഡിലുള്ള ശ്രീ സായ് ആശുപത്രിയില്‍ കൊണ്ടുവന്നത്. അരമണിക്കൂറോളം കുഞ്ഞിനെ നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം.

തുടര്‍ന്ന് കുട്ടിയെ വെയില്‍ കൊള്ളിക്കുന്നതിനായി രാവിലെ 11 മണിക്ക് ആശുപത്രിയുടെ മേല്‍ക്കൂരയില്‍ കിടത്തി. മുപ്പതുമിനിറ്റോളം ഇപ്രകാരം കുട്ടിയെ പൊരിവെയിലത്ത് കിടത്തുകയും ചെയ്തു. പിന്നീട് കുട്ടിക്ക് അനക്കമില്ലാതാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സൂര്യാഘാതമാവാം കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക നിഗമനം. 

സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി കുട്ടിയുടെ കുടുംബവും നാട്ടുകാരും രംഗത്തെത്തി. കുട്ടിയെ വെയിലുകൊള്ളിക്കാന്‍ ഉപദേശിച്ച ഡോക്ടര്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. കുഞ്ഞിന്റെ അമ്മയെ കുട്ടിയുടെ മരണത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധമായി ഡിസ്ചാര്‍ജ് ചെയ്തെന്ന് വീട്ടുകാര്‍ പറയുന്നു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും തെറ്റുചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മെയിന്‍പുരി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍സി ഗുപ്ത പ്രതികരിച്ചു.

Eng­lish Summary:Sunbathed on doc­tor’s orders; The new­born baby died
You may also like this video

Exit mobile version