Site iconSite icon Janayugom Online

തിരുവോണനാളില്‍ കൊച്ചിയില്‍ സൂപ്പര്‍ പോരാട്ടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം സീസണില്‍ ആദ്യപോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്. അവസാന മൂന്ന് സീസണിലും പ്ലേ ഓഫ് കളിച്ച ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറെയുടെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണിലും ഗോളടിച്ച് കൂട്ടിയ ദിമിത്രിയോസ് ഡയമന്റകോസ് അടക്കമുള്ള ചില താരങ്ങള്‍ ടീമില്‍ നിന്ന് വിടപറഞ്ഞുകഴിഞ്ഞു. എങ്കിലും പുതുമോടിയില്‍ ടീമിലേക്ക് എത്തിയ നോവ സദോയി ഗോളടിച്ച് കൂട്ടുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. 

ഡ്യൂറന്റ് കപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ സദോയി ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഗോവയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ മിടുക്കുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ഇതിന് പുറമേ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന സെഷനില്‍ ടീമിലെത്തിയ സ്പാനിഷ് മുന്നേറ്റതാരം ജീസസ് ജെമിനസിലും ആരാധകര്‍ പ്രതീക്ഷവയ്ക്കുന്നു. എല്ലാത്തിനും അപ്പുറം സര്‍വം ടീമിനായി സമര്‍പ്പിച്ച ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എന്ന പ്ലേമേക്കറാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. ലൂണയ്ക്ക് ബ്ലാസ്റ്റേഴ്‌സില്‍ നാലാം സീസണാണ്. 53 മത്സരങ്ങള്‍ ഇതിനോടകം ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ലൂണ 13 ഗോളുകള്‍ നേടിയപ്പോള്‍ 17 ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. അവസാന സീസണില്‍ ഏറിയ പങ്കും പരിക്കിന്റെ പിടിയിലായ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സിനെ ഏറെ പിന്നോട്ടടിച്ചതാണ്. 

മുന്നേറ്റ നിരയില്‍ ക്വാമി പെപ്രയും ഇ­ന്ത്യന്‍താരം ഇഷാന്‍ പണ്ഡിതയും പ്രതീക്ഷകള്‍ നല്‍കുമ്പോള്‍ ജീക്‌സന്‍ സീങ് മളമൊഴിഞ്ഞ മധ്യനിരയില്‍ ലൂണയ്ക്കൊപ്പം മലയാളിതാരം വിപിന്‍ മോഹനനും കളിമെനയും. ഗോള്‍ ബാറിന് കീഴില്‍ മലയാളിതാരം സച്ചിന്‍ സുരേഷ് തന്നെ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. പരിശീലകന്‍ മൈക്കള്‍ സ്റ്റാറെയെ സംബന്ധിച്ചിടത്തോളം ആരാധകരുടെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുക എന്ന വലിയ കടമ്പയാണ് മുന്നിലുള്ളത്. രണ്ട് മാസത്തിലേറെയായി ടീമിനൊപ്പമുള്ള പരിശീലകന് ശക്തിയും ദൗര്‍ബല്യവും ഇതിനോടകം മനപ്പാടമായി കഴിഞ്ഞു. ആദ്യമത്സരത്തില്‍ തന്നെ വിജയിച്ച് മലയാളികള്‍ക്ക് ഓണസമ്മാനം നല്‍കുവാനുള്ള ലക്ഷ്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

മറുവശത്ത് ഓരോ മത്സരം കഴിയുംതോറും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമായി പഞ്ചാബ് എഫ്‌സി മാറി കഴിഞ്ഞു. പഞ്ചാബിന് ഐഎസ്എല്ലിലെ രണ്ടാം സീസണാണ്. ആദ്യ സീസണില്‍ പതിയെ തുടങ്ങിയ പഞ്ചാബ് പിന്നീട് മികവ് പുറത്തെടുക്കുകയായിരുന്നു. കൊച്ചിയില്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് ടീം തോല്പിച്ചത്. പനഗിയോട്ടിസ് ഡില്‍പെരിസ് എന്ന വിദേശ പരിശീലകന്റെ കീഴില്‍ ഇക്കുറി പഞ്ചാബ് ഇറങ്ങും. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കൂടുതല്‍ പോയിന്റ് നേടി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് പരിശീലകന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ സീസണില്‍ കളിച്ച ക്യാപ്റ്റന്‍ ലൂക്ക മജ്‌സീനെ മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്‌സിന് ലൂണയെ പോലെ പഞ്ചാബിന്റെ പ്ലേ മേക്കറാണ് മജ്‌സീന്‍. ഗോളടിക്കാനും ഗോള്‍ അടുപ്പിക്കാനും മിടുക്കന്‍. ഇവാന്‍ നവോസലിച്ച്, മുശാഗ ബക്കേങ്ഗ, അസ്മിര്‍ സള്‍ജിക് തുടങ്ങിയവരാണ് പഞ്ചാബിന്റെ വിദേശ താരങ്ങള്‍. ഇവര്‍ക്ക് പുറമേ മധ്യനിരയില്‍ കളിക്കുന്ന നിഖില്‍ പ്രഭുവിന്റെ നേതൃത്വത്തില്‍ ഒരുപിടി മികച്ച സ്വദേശതാരങ്ങള്‍കൂടി ചേരുമ്പോള്‍ ആരെയും വീഴ്ത്താനുള്ള കരുത്ത് പഞ്ചാബ് നേടി കഴിഞ്ഞു.

Exit mobile version