Site iconSite icon Janayugom Online

സൂപ്പർലീഗ് കേരള രാജ്യത്തിനാകെ മാതൃക: ഇയാൻ ഗിലിയൻ

footballfootball

ഫുട്ബോളിൽ ദീർഘവീക്ഷണമുള്ള രാജ്യമെന്ന നിലയിൽ സൂപ്പർ ലീഗ് കേരള പോലുള്ള മത്സരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് കാലിക്കറ്റ് എഫ് സിയുടെ കോച്ച് ഇയാൻ ആൻഡ്രൂ ഗിലിയൻ. എസ്എൽകെയിലെ കാലിക്കറ്റ് എഫ് സിയുടെ ഉദ്ഘാടനമത്സരത്തിന് മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അന്താരാഷ്ട്ര നിലവാരത്തിലാണ് സൂപ്പർ ലീഗ് കേരള മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ തന്നെ കാണികളുടെ ആവേശവും കളിക്കാരുടെ പോസറ്റീവ് മനോഭാവവും ദൃശ്യമായി. എസ്എൽകെ ഫുട്ബോളിനാകെ മുതൽക്കൂട്ടാണ്. പ്രാഥമികതലം മുതൽ പ്രൊഫഷണൽ ഫുട്ബോൾ അനുഭവപരിചയം കളിക്കാർക്ക് ലഭിക്കണം. അതിനു സഹായിക്കുന്ന മികച്ച മാതൃകയാണിത്. നല്ല സാങ്കേതിക തികവുള്ള കുട്ടികളാണ് ഇവിടെയുള്ളത്. അവർക്ക് അന്താരാഷ്ട്രനിലവാരത്തിലുളള ഫുട്ബോൾ കളിക്കാനുള്ള അവസരം ലഭിക്കുന്നു. കളിയോടൊപ്പം തന്നെ പ്രധാനമാണ് പരുക്കിൽ നിന്നൊഴിവാകാനുള്ള പരിചയവും. പരിശീലനത്തിന് മഴ പ്രതിസന്ധിയാണ്. പക്ഷെ അത് മറികടന്ന് മുന്നോട്ടു പോകുന്നു. കേരളത്തിന്റെ ഫുട്ബോൾ ആവേശം ലോകപ്രശസ്തമാണ്. അതിനെ ആവേശത്തോടെയാണ് കാണുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയരാനാകുമെന്നാണ് പ്രതീക്ഷ. 

ടീമംഗങ്ങളെല്ലാം നല്ലരീതിയിൽ കഠിനാധ്വാനം നടത്തുന്നുണ്ടെന്ന് ക്യാപ്റ്റൻ ജിജോ ജോസഫ് ടുട്ടു പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നാളെ (ചൊവ്വാഴ്ച) വൈകീട്ട് ഏഴ് മണിക്ക് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെയാണ് കാലിക്കറ്റ് എഫ് സിയുടെ ആദ്യമത്സരം. 

Exit mobile version