Site icon Janayugom Online

സപ്ലൈകോ ആധുനികവത്ക്കരണത്തിന്റെ പാതയിൽ: മന്ത്രി ജി ആർ അനിൽ

G R Anil

മാറുന്ന കാലത്തിനും സാങ്കേതികവിദ്യകൾക്കുമനുസരിച്ച് സപ്ലൈകോ ആധുനികവത്ക്കരണത്തിന്റെ പാതയിൽ മുന്നോട്ടു നീങ്ങുകയാണെന്ന് ഭക്ഷ്യ — പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ സപ്ലൈകോ ആർക്കൈവ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സപ്ലൈകോയുടെ 48 വർഷത്തെ അനുഭവ സമ്പത്തും പരിചയവും മുതൽക്കൂട്ടാക്കുകയും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഔട്ട്ലെറ്റുകൾ മുതൽ ഹെഡ് ഓഫീസ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും പുതിയകാലത്തിന് അനുസൃതമാക്കി മാറ്റുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഉത്പന്നങ്ങളുടെ കൃത്യമായ വിതരണവും ഗുണനിലവാരവും ഉറപ്പുവരുത്തും. ഭക്ഷ്യധാന്യ വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കും. ഇത്തരം നടപടികൾ സപ്ലൈകോയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഉപഭോക്താവിന് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ സമ്മാനമഴയിലെയും സപ്ലൈകോ സമൃദ്ധി കിറ്റ് വാങ്ങിയ ഉപഭോക്താക്കളിലെയും ഭാഗ്യ വിജയികളെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പും മന്ത്രി നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി, ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ, വിജിലൻസ് ഓഫീസർ സിഎസ് ഷാഹുൽഹമീദ്, അഡീഷണൽ ജനറൽ മാനേജർമാരായ പി.ടി സൂരജ്, ആർ എൻ സതീഷ്, ഷീബ ജോർജ്, സപ്ലൈകോ മാനേജർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Eng­lish Summary:Supplyco on track to mod­ern­ize: Min­is­ter GR Anil
You may also like this video

Exit mobile version