Site icon Janayugom Online

വിപണി ഇടപെടലുമായി സപ്ലൈകോ; 250 കോടിയുടെ സാധനങ്ങള്‍ സംഭരിക്കും

ഓണക്കാലത്ത് സപ്ലൈകോ ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. 250 കോടിയുടെ അവശ്യസാധനങ്ങളാണ് ഓണക്കാല വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിക്കുന്നത്. സാധാരണ മാസങ്ങളില്‍ സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണിത്. ഈ മാസം പത്തോടു കൂടി എല്ലാ അവശ്യസാധനങ്ങളുടെയും ലഭ്യത വില്പനശാലകളിൽ ഉറപ്പുവരുത്തും. 6120 മെട്രിക് ടൺ പയറുവർഗങ്ങള്‍, 600 മെട്രിക് ടൺ സുഗന്ധവ്യഞ്ജനങ്ങള്‍, 4570 മെട്രിക് ടൺ പഞ്ചസാര, 15,880 മെട്രിക് ടൺ അരി, 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണ എന്നിവയാണ് സംഭരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സപ്ലൈകോ വില്പനശാലകളിൽ അവശ്യസാധനങ്ങൾ ലഭ്യമല്ലെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. മാസാവസാന നാളുകളിൽ രണ്ടോ മൂന്നോ അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ട്. ഇതല്ലാതെ സാധനങ്ങൾ ഇല്ലാത്ത അവസ്ഥ ഒരിടത്തും ഉണ്ടാകാറില്ല. അവശ്യസാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡില്‍ എഴുതി വെച്ചതിന് പിന്നിലുള്ള കാരണം പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. ഇക്കാര്യം വിശദമായി പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ മാസവും ഇ‑ടെണ്ടർ നടപടികൾ പൂർത്തീകരിച്ചാണ് സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകുന്നത്. സ്വാഭാവികമായും അതാത് മാസം 25 ഓടുകൂടി അവശ്യസാധനങ്ങള്‍ വിറ്റു തീരുകയാണ് പതിവ്. അതുകൊണ്ടു തന്നെ മാസത്തിന്റെ അവസാന നാളുകളിൽ ചില സാധനങ്ങളുടെ സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ട്. അത് ചൂണ്ടിക്കാട്ടിയാണ് സപ്ലൈകോ വില്പനശാലകളിൽ അവശ്യസാധനങ്ങൾ ലഭ്യമല്ലെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2022 കാലയളവിൽ സപ്ലൈകോ വില്പനശാലകളിലെ ഒരു മാസത്തെ ശരാശരി വില്പന 250–252 കോടിയായിരുന്നത് ഇപ്പോള്‍ 270 കോടിയാണ്.

ഗുണനിലവാരം വർധിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിച്ചെന്നും ഇതാണ് വില്പന കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി സാധനങ്ങൾ വാങ്ങുവാനായി 45 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വില്പനശാലകളെ ആശ്രയിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി ഒരു തരത്തിലും ഓണം ഫെയറുകളെ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഓണം ഫെയറുകൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Food Min­is­ter G R Anil said that Sup­ply­co will con­duct effec­tive mar­ket inter­ven­tion dur­ing Onam
You may also like this video

Exit mobile version