Site iconSite icon Janayugom Online

സപ്ലൈകോ റംസാന്‍ മേള ഇന്നു മുതല്‍; വിഷു- ഈസ്റ്റര്‍ മേള ഏപ്രില്‍ 10ന്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 30 വരെ സപ്ലൈകോ റംസാന്‍ വിപണന മേളകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഇന്നും മറ്റു ജില്ലകളില്‍ നാളെയുമാണ് റംസാന്‍ മേളയ്ക്ക് തുടക്കമാവുക. വിഷു- ഈസ്റ്റര്‍ മേള ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംഘടിപ്പിക്കുക. ഈ വര്‍ഷത്തെ റംസാന്‍— വിഷു- ഈസ്റ്റര്‍ മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരം ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ ഇന്ന് രാവിലെ പത്തരയ്ക്ക് നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിക്കും. 

എല്ലാ ജില്ലകളിലെയും ഒരു പ്രധാന സപ്ലൈകോ വില്പനശാലയാണ് റംസാന്‍ മേളയാക്കി മാറ്റുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക റംസാന്‍ മേളകളും സംഘടിപ്പിക്കും. കൊല്ലം ചിന്നക്കട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലും, കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റിലും, ഇടുക്കി നെടുങ്കണ്ടം സൂപ്പര്‍മാര്‍ക്കറ്റിലും, പത്തനംതിട്ട പീപ്പിള്‍സ് ബസാറിലും, എറണാകുളത്ത് തൃപ്പൂണിത്തുറ ലാഭം സൂപ്പര്‍മാര്‍ക്കറ്റിലും, ആലപ്പുഴ പീപ്പിള്‍സ് ബസാറിലും, പാലക്കാട് പീപ്പിള്‍സ് ബസാറിലും തൃശൂര്‍ പീപ്പിള്‍സ് ബസാറിലും റംസാന്‍ മേള സംഘടിപ്പിക്കും. 

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പീപ്പിള്‍സ് ബസാര്‍, കണ്ണൂര്‍ പീപ്പിള്‍സ് ബസാര്‍, വയനാട് കല്പറ്റ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയും റംസാന്‍ മേളകളായി മാറും. പതിമൂന്നിന സബ്‌സിഡി സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് പുറമേ നാല്പതിലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും റംസാന്‍ മേളയില്‍ ലഭ്യമാകും. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉല്പന്നങ്ങള്‍ക്കും വിലക്കുറവ് നല്‍കും.

Exit mobile version