Site iconSite icon Janayugom Online

ആശ്വാസവുമായി സപ്ലൈകോ ; 11 ഇനങ്ങൾക്ക്‌ വില കുറച്ചു

സപ്ലൈകോയിൽ സബ്‌സിഡി ഇല്ലാത്ത സാധനങ്ങളുടെ വില കുറച്ചു. പരിപ്പ്‌, ഉഴുന്നുപരിപ്പ്‌, മുളക്‌ തുടങ്ങിയവയടക്കം 11 ഇനങ്ങളുടെ വിലയാണ്‌ കുറച്ചത്‌. പുതുക്കിയ വില വെള്ളിയാഴ്‌ച പ്രാബല്യത്തിൽ വന്നു. വിവിധയിനങ്ങൾക്ക്‌ കിലോയ്‌ക്ക്‌ എട്ടുരൂപ മുതൽ 33 രൂപ വരെയാണ്‌ കുറച്ചത്‌. പിരിയൻ മുളകിന്‌ 33 രൂപയും ഉഴുന്നുപരിപ്പിന്‌ 13.64 രൂപയും പരിപ്പിന്‌ 23.1 രൂപയും മുളകിന്‌ 19രൂപയും കുറച്ചു. സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായാണ്‌ നടപടി.

പൊതുവിപണിയിൽ അരി വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ‘ശബരി കെ റൈസ്‌’ ഒരാഴ്‌ചയ്‌ക്കകം സപ്ലൈകോ വഴി വിതരണത്തിനെത്തിക്കും. അരിക്ക്‌ ടെൻഡർ ക്ഷണിച്ചു. തെലങ്കാനയിൽനിന്നാണ്‌ അരി എത്തിക്കുന്നത്‌. കാർഡ്‌ ഉടമയ്‌ക്ക്‌ പരമാവധി പത്തുകിലോ അരി നൽകും. മട്ട അരിയാണ്‌ വിതരണത്തിനായി എത്തിക്കുക. വില സംബന്ധിച്ച്‌ മൂന്ന്‌ ദിവസത്തിനകം തീരുമാനമാകും.

നീലകാർഡുടമകൾക്ക് നിലവിലെ വിഹിതത്തിന്‌ പുറമെ ഒരു കാർഡിന് നാല്‌ കിലോ അരിയും വെള്ളകാർഡിന് അഞ്ച്‌ കിലോ അരിയും റേഷൻകടകളിലൂടെ വിതരണം ചെയ്യും. കിലോയ്‌ക്ക്‌ 10.90 പൈസയാണ്‌ നിരക്ക്‌.

Eng­lish Sum­ma­ry: Sup­ply­co reduced prices of non-sub­si­dized goods
You may also like this video

Exit mobile version