ഓണവിപണിയിലെ വിലക്കയറ്റം തടയുന്നതിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്ന സപ്ലൈകോ രാജ്യത്തിന് മാതൃകയാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. ജില്ലാതല സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 200 റേഷൻ കടകൾ കൂടി കെ-സ്റ്റോറുകളാക്കി മാറ്റും. കേരളത്തിലുടനീളമുള്ള സപ്ലൈകോ സ്റ്റോറുകളിൽ പ്രതിദിനം ഒൻപത് കോടി രൂപയുടെ വിൽപനയുണ്ട്. സപ്ലൈകോ സ്റ്റോറുകളിൽ അവശ്യവസ്തുക്കൾ ലഭിക്കുന്നില്ലെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഇടവരുത്തും. സാധാരണക്കാർക്ക് കൈത്താങ്ങായി നിൽക്കുന്ന സപ്ലൈകോ സ്റ്റോറുകൾ നിലനിർത്തേണ്ടതും പിന്തുണയ്ക്കേണ്ടതും ഓരോ പൗരന്റെയും കടമയാണെന്നും പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ, കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങൾ എന്നിവ ഭാവിയിൽ റേഷൻ കടകൾ വഴി വിപണനം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
English Summary: Supplyco set an example for the country in curbing price rise: Minister G R Anil