പുതിയ ഉപഭോഗ സംസ്കാരത്തിനനുസരിച്ച് നവീന വില്പന രീതികൾ പിന്തുടരാൻ സപ്ലൈകോയ്ക്ക് കഴിയണമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
സപ്ലൈകോയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് വിതരണക്കാരെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഓണക്കാലത്ത് 386 കോടിയുടെ വില്പനയാണ് സപ്ലൈകോയിൽ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വില്പനയാണിത്. കാലത്തിന്റെ സാധ്യതകൾ പരിഗണിച്ച് ഡിജിറ്റൽ മാർക്കറ്റിംഗ് എങ്ങനെ ശക്തിപ്പെടുത്താം എന്ന് പരിശോധിക്കണം. പരമാവധി പ്രൊഫഷണലിസം കൊണ്ടുവരാൻ ശ്രദ്ധിക്കണം. പുതിയ സൂപ്പർ മാർക്കറ്റുകളും മൊബൈൽ മാർക്കറ്റിംഗും, ഇ‑മാർക്കറ്റിംഗും, ഡിജിറ്റൽ സംവിധാനവും വരുമ്പോൾ, കുറേക്കൂടി പ്രാദേശിക ഉല്പന്നങ്ങൾക്ക് പരിഗണന നൽകാനും കഴിയുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. സപ്ലൈകോയുടെ വിതരണക്കാരെയും മറ്റു ബന്ധപ്പെട്ടവരെയും അദ്ദേഹം ആദരിച്ചു. കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായി, സപ്ലൈകോ മാനേജിങ് ഡയറക്ടർ വി എം ജയകൃഷ്ണൻ, കേരള ബാങ്ക് സിഇഒ ജോർട്ടി എം ചാക്കോ, സപ്ലൈകോ ജനറൽ മാനേജർ വി കെ അബ്ദുൾ ഖാദർ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി ബി ബിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സപ്ലൈകോ ഓണം ലക്കി ഡ്രോ ഒന്നാം സമ്മാനം ഒരു പവൻ സ്വർണം ഇടുക്കി സ്വദേശി മുനിയമ്മയ്ക്ക് മന്ത്രി ജി ആര്‍ അനില്‍ സമ്മാനിച്ചു. രണ്ടാം സമ്മാനമായ ലാപ്ടോപ്പ് തൃശ്ശൂർ സ്വദേശി എ കെ രത്നം, വടകര സ്വദേശി ആദിദേവ് സി വി, മൂന്നാം സമ്മാനമായ സ്മാർട്ട് ടിവി കണ്ണൂർ സ്വദേശിനി രമ്യ ചന്ദ്രൻ എന്നിവർക്ക് സമ്മാനിച്ചു. ഓണം ലക്കി ഡ്രോ ജില്ലാതല സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
സപ്ലൈകോ മുൻ മാനേജിങ് ഡയറക്ടർമാർ, മുൻ ജനറൽ മാനേജർമാരായ ആർ വേണുഗോപാൽ, ബി അശോകൻ, മുൻ വിജിലൻസ് ഓഫിസര്‍മാരായ ബേസിൽ ജോസഫ്, ഇ. എം ഷംസു ഇല്ലിക്കൽ, ടോമി സെബാസ്റ്റ്യൻ, സി എസ് ഷാഹുൽ ഹമീദ് തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.
സപ്ലൈകോ ഡിജിറ്റൽ മാർക്കറ്റിങ് ശക്തിപ്പെടുത്തണം: മന്ത്രി പി രാജീവ്

