Site iconSite icon Janayugom Online

സപ്ലൈകോയിലൂടെ ഗുണമേന്‍മയുള്ള ഉല്പന്നങ്ങള്‍ ഉറപ്പാക്കും: മന്ത്രി അഡ്വ ജി ആര്‍ അനില്‍

ആധുനിക വിവരസാങ്കേതിക സങ്കേതങ്ങള്‍ ഉപയോഗിച്ച് സപ്ലൈകോയിലൂടെ ജനങ്ങള്‍ക്ക് പരമാവധി വിലക്കുറവില്‍ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു.സംസ്ഥാനതലത്തില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുള്ള ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും തൃശൂര്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സപ്ലൈകോ ആധുനികരണത്തിന്റെ പാതയിലാണ്. ഓണ്‍ലൈന്‍ ഹോം ഡെലിവറി പദ്ധതി, മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും ഡിജിറ്റല്‍ പെയ്മെന്റ് ഗേറ്റ് വേ സമ്പ്രദായം, സപ്ലൈകോയുടെ പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, മാവേലി സ്റ്റോറുകള്‍ മുതല്‍ പീപ്പിള്‍സ് ബസാര്‍ വരെയുള്ള ഔട്ട്‌ലെറ്റുകള്‍, ഡിപ്പോ ഓഫീസുകള്‍, റീജിയണല്‍ ഓഫീസുകള്‍, ഹെഡ് ഓഫീസ് എന്നിവ തമ്മില്‍ വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ കോര്‍ത്തിണക്കിയുള്ള സ്റ്റോക്കും വില്‍പനയും ക്രമീകരിക്കുന്നതിനുള്ള പദ്ധതി എന്നിവയാണ് സപ്ലൈകോ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സപ്ലൈകോ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഹോം ഡെലിവറി നടത്തിവന്നിരുന്നത്. അതിന്റെ ചുവടുപിടിച്ചാണ് സ്വന്തമായി ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും നടത്താന്‍ തീരുമാനിച്ചത്. തൃശ്ശൂരിലെ മൂന്നു സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് ‘സപ്ലൈ കേരള’ എന്ന ആപ്പ് വഴി ഓണ്‍ലൈന്‍ വില്പനയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ മൂന്നിടങ്ങളിലെ പ്രവര്‍ത്തനം മികവുറ്റതാക്കി ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.കേരളത്തിലെ 14 ജില്ലകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും, വേഗത്തിലും മിതമായ നിരക്കില്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സപ്ലൈകോ ഇതിലൂടെ പൂര്‍ത്തീകരിക്കുന്നത്.പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് ‘സപ്ലൈ കേരള’ ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്ലെറ്റ് തിരഞ്ഞെടുത്ത് സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. അവശ്യ സാധനങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതു വഴി ഉപഭോക്താക്കള്‍ക്ക് ക്യൂ നില്ക്കാതെ സമയവും പണവും ലാഭിച്ച് സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.

‘സപ്ലൈ കേരള’ വഴി പുതുതായി വിപണിയിലിറക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചുള്ള തല്‍ക്ഷണ അറിയിപ്പ് ലഭിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സപ്ലൈകോ ഏതൊരു ഓണ്‍ലൈന്‍ ബില്ലിനും അഞ്ചു ശതമാനം വിലകിഴിവ് നല്കും.സംസ്ഥാനത്തെ അഞ്ചൂറില്‍പരം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ‘സപ്ലൈ കേരള’ ആപ്പ് വഴി സപ്ലൈകോയുടെ വലിയൊരു വിതരണ ശൃംഖല സ്ഥാപിതമാകുന്നതോടു കൂടി 10,000-ലധികം യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വഴിയൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ ഔട്ട്ലെറ്റുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സമ്പ്രദായം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. നിലവില്‍ ചില ഔട്ട്‌ലെറ്റുകളില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും ഉപഭോക്താക്കള്‍ക്ക് പേയ്മെന്റ് ഗേറ്റ് വേകള്‍ക്ക് സര്‍വീസ് ചാര്‍ജ് നല്‍കുന്ന സാഹചര്യം ഉണ്ട്. അത് പരമാവധി കുറച്ചോ തീരെ ഇല്ലാതാക്കിയോ ഉപഭോക്താക്കള്‍ക്കും സപ്ലൈകോയ്ക്ക് നഷ്ടം ഇല്ലാത്ത രീതിയില്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ക്യു ആര്‍ കോഡ് സ്‌കാനിങ്, കാര്‍ഡ് സൈ്വപ്പിങ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള പെയ്മെന്റ് ഗേറ്റ് വേകള്‍ ഏര്‍പ്പെടുത്താനാണ് താല്‍പര്യ പത്രത്തിലൂടെ സേവനദാതാക്കളെ സപ്ലൈകോ ക്ഷണിച്ചിട്ടുള്ളതെന്നും ഓണ്‍ലൈന്‍ ഹോം ഡെലിവറി ആപ്പിലൂടെ ഈ സമ്പ്രദായം നിലവില്‍ വരുമെങ്കിലും ഓഫ്‌ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങിക്കുന്ന ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ടാണ് ഇത്തരം സമ്പ്രദായങ്ങള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ അതിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഇ.ആര്‍.പി (എന്റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിങ്) വികസിപ്പിക്കുന്നതിന്റെ പാതയിലാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ സപ്ലൈകോയുടെ പ്രവര്‍ത്തങ്ങള്‍ സുതാര്യവും സുഗമവും ശക്തവുമാക്കുവാന്‍ ഇ.ആര്‍.പി വഴി സാധ്യമാവും. 2022 ഏപ്രിലോടുകൂടി ഇത് നടപ്പില്‍ വരുത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാവേലിസ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഔട്ട്‌ലെറ്റുകളിലെയും തല്‍സ്ഥിതി ഹെഡ് ഓഫീസില്‍ അറിയുന്നതിനും അതുവഴി സ്റ്റോക്കുകള്‍ ക്രമീകരിക്കുന്നതിനും കഴിയുമെന്നതാണ് ഇതില്‍ ഏറ്റവും വലിയ ഗുണം.ഓരോ ഉപഭോക്താവിനും സപ്ലൈ കേരള ആപ്പിലൂടെ പേയ്മെന്റ് ഉപാധികള്‍ ഉപയോഗപ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. സപ്ലൈകോ ഓണ്‍ലൈന്‍ വിപണന ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകരിക്കുന്ന വിവിധ ഓഫറുകളും, ഡിസ്‌കൗണ്ടുകളും അതത് സമയങ്ങളില്‍ ‘സപ്ലൈ കേരള’ ആപ്പ് വഴി അറിയിപ്പ് നല്കും. ‘സപ്ലൈ കേരള’ ആപ്പ് വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ ഏറ്റവും കൂടിയത് 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചു നല്കുമെന്നും സപ്ലൈകോയുടെ ഓരോ സൂപ്പര്‍ മാര്‍ക്കറ്റിന്റെയും 10 കി.മീ ചുറ്റളവില്‍ ഹോം ഡെലിവറി ഉണ്ടാവും.നാലു കി.മീ ദൂരത്ത് അഞ്ചുകിലോ തൂക്കത്തിന് 35 രൂപയും ജിഎസ്റ്റിയും എന്നതാണ് നിശ്ചയിച്ചിരിക്കുന്ന മിനിമം നിരക്ക്. പിന്നീട് വേണ്ടി വന്നാല്‍ മാവേലി സ്റ്റോറുകളിലേക്കും ഓണ്‍ലൈന്‍ വില്പന നടപ്പിലാക്കുന്നതാണ്. സപ്ലൈകോയുടെ കംപ്യൂട്ടര്‍ വിഭാഗം വികസിപ്പിച്ച ഇന്‍വെന്ററി മാനേജ്മെന്റ് വഴി എല്ലാ ‘സപ്ലൈകോ വില്പനശാലകളിലെ സ്റ്റോക്കും സെയില്‍സും കേന്ദ്ര കാര്യാലയത്തിലെന്ന പോലെ എവിടെ നിന്നും അറിയാവുന്നതാണ്. ഈ വികസനം വഴി പൊതു വിപണിയില്‍ സപ്ലൈകോയ്ക്ക് കുറച്ചു കൂടി ശക്തമായി ഇടപെടാന്‍ സാധിക്കും.

പൊതുവിതരണ മേഖലയെ ലാഭത്തിലാക്കുന്ന ഒരു ബദല്‍ നയം കേരളം സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്തു. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് സപ്ലൈകോ ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. ജനങ്ങളുമായി വകുപ്പ് വളരെ അടുത്തു നില്‍ക്കുന്നതിന്റെ തെളിവാണ് കോവിഡ് പശ്ചാത്തലത്തിലും കേരളം കണ്ടത്. കോവിഡ് കാലത്ത് കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടന്നില്ലെന്നത് രാജ്യത്തിനു തന്നെ വലിയൊരു മാതൃകയാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.കോവിഡ് സാഹചര്യത്തില്‍ 11 കോടി ഭക്ഷ്യക്കിറ്റുകളാണ് 13 തവണയായി 87 ലക്ഷം ജനങ്ങള്‍ക്കു നല്‍കിയത്. ഇതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടഞ്ഞു നിര്‍ത്താനും സര്‍ക്കാരിനു സാധിച്ചു. സംസ്ഥാനത്ത് 6 വര്‍ഷക്കാലമായി 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് അതേവില നിലനിര്‍ത്താന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിലൂടെയാണന്നും മന്ത്രി വ്യക്തമാക്കി.

സപ്ലൈകോ ജനറല്‍ മാനേജര്‍ ടി.പി. സലിം കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ അയ്യപ്പദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പാലക്കാട് സപ്ലൈകോ റീജിയണല്‍ മാനേജര്‍ ശിവകാമി അമ്മാള്‍ എന്നിവര്‍ പങ്കെടുത്തു.
ENGLISH SUMMARY;Supplyco will ensure qual­i­ty prod­ucts: Min­is­ter Adv GR Anil
YOU MAY ALSO LIKE THIS VIDEO;

Exit mobile version