Site iconSite icon Janayugom Online

ഹിറ്റായി സപ്ലൈകോയുടെ ‘ഹാപ്പി അവർ’ ഓഫർ

അമ്പതാം വാർഷികത്തോടനുബന്ധിച്ച് ജനങ്ങൾക്ക് ആശ്വാസമായി വമ്പൻ ഓഫറുകളും വിലക്കുറവുമായി സപ്ലൈകോ. അമ്പത് ഇനം സാധനങ്ങൾക്ക് അമ്പത് ദിവസത്തേക്ക് വിലക്കുറവ് പ്രഖ്യാപിച്ച ഓഫർ ജൂൺ 25 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ആഗസ്ത് 14 വരെ ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതു കൂടാതെയാണ് ‘ഹാപ്പി അവേഴ്സ്’ എന്ന പേരിൽ മുഴുവൻ സബ്സിഡിയിതര സാധനങ്ങൾക്കും പത്ത് ശതമാനം അധിക വിലക്കുറവും ഏർപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും പകൽ രണ്ട് മുതൽ മൂന്ന് വരെ ഈ വിലക്കുറവ് ലഭ്യമാകും. പൊതു വിപണിയേക്കാൾ വിലയിൽ വലിയ കുറവുള്ളതിനാൽ നിരവധി ആളുകളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. മിക്ക സൂപ്പർമാർക്കറ്റുകളിലും നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്. വിപണിയിലെ ഫലപ്രദമായ ഇടപെടലും ഭക്ഷ്യഭദ്രതയും ലക്ഷ്യംവച്ചാണ് 1974ൽ സപ്ലൈകോ ആരംഭിച്ചത്. 1987ൽ അധികാരത്തിലെത്തിയ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് മാവേലി സ്റ്റോറുകൾ ആരംഭിച്ച് സപ്ലൈകോയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കി. കാലാകാലങ്ങളിൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാറുകൾ ഫലപ്രദമായ വിപണി ഇടപെടലുകളിലൂടെ സപ്ലൈകോയുടെ പ്രവർത്തനം വിപുലീകരിച്ചു. പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ അവശ്യ സാധങ്ങൾ ലഭ്യമാകുമെന്നതിനാൽ സാധാരണ ജനങ്ങളുടെ അത്താണിയായി സപ്ലൈകോ മാറി കഴിഞ്ഞിട്ട് കാലമേറെയായി.

നിരവധി കുപ്രചാരണങ്ങളെ അതിജീവിച്ചാണ് സപ്ലൈകോ അമ്പതാം വർഷത്തിലും തലയുയർത്തി നിൽക്കുന്നത്. ഗൂഢലക്ഷ്യങ്ങളോടെ സപ്ലൈകോയെ തകർക്കാനുള്ള ശ്രമങ്ങളെ ജനം തള്ളി കളഞ്ഞു എന്നതിന്റെ തെളിവാണ് ഔട്ട്‌ലെറ്റുകളിലെ വൻ തിരക്ക്.

Eng­lish Sum­ma­ry: Sup­ply­co’s ‘Hap­py Hour’ offer became a hit

You may also like this video

Exit mobile version