ഗിഗ് തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനായി സൊമാറ്റോ, ഊബര്‍, സ്വിഗ്ഗി പെയ്മന്റുകള്‍ക്ക് സെസ് ചുമത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ഗതാഗതസംവിധാനങ്ങള്‍ക്ക് മാത്രമേ ചാര്‍ജ് ഈടാക്കുകയുള്ളൂവെന്നും ഉത്പന്നങ്ങള്‍ക്ക് ഈടാക്കില്ലെന്നും തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്നതിനായി സൊമാറ്റോ, ഓല, ഊബര്‍, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌പോമുകളിലൂടെ നടത്തുന്ന സേവനങ്ങള്‍ക്കായിരിക്കും സെസ് ചുമത്തുക. സെസിലൂടെ ലഭിക്കുന്ന പണം ഗിഗ് തൊഴിലാളികളുടെ ക്ഷേമനിധിക്കായി ഉപയോഗിക്കുമെന്നും ഉപഭോക്താക്കള്‍ വാങ്ങുന്ന ഉത്പന്നങ്ങള്‍ക്കോ സാധനങ്ങള്‍ക്കോ ഈടാക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.ഇത്തരം തൊഴിലാളികള്‍ തൊഴില്‍ സമയങ്ങളില്‍ വാഹനാപകടങ്ങള്‍ക്കിരയാവുന്നുണ്ടെന്നും റോഡുകളില്‍ കൂടുതല്‍ സമയം ചെയലവഴിക്കുന്നതിനാല്‍ ആവര്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.അതിനാല്‍ തന്നെ തൊഴിലാളികള്‍ക്ക് ക്ഷേമനിധികളും ആരോഗ്യ ഇന്‍ഷൂറന്‍സും അവരുടെ മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കണമെന്നും ഇതിനുവേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഗിഗ് തൊഴിലാളികള്‍ക്ക് അവരുടേതായ അവകാശങ്ങള്‍ ലഭിക്കുന്നതിനായും അവ സംരക്ഷിക്കുന്നതിനായുമുള്ള ബില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തയ്യാറാക്കിയെന്നും ഡിസംബറില്‍ ബില്ല് പാസാക്കുമെന്നും മന്ത്രി പറഞ്ഞു.ബില്ലില്‍ പറയുന്നതനുസരിച്ച് സാമൂഹിക സുരക്ഷ, തൊഴില്‍പരമായ ആരോഗ്യം, സുതാര്യത, സുരക്ഷ എന്നിവ നല്‍കുമെന്നും വ്യക്തമാക്കുന്നുണ്ട്.