Site iconSite icon Janayugom Online

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ഹിന്‍ഡബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെയുള്ള അന്വേഷണം സെബിക്ക് തുടരാമെന്ന് സുപ്രീം കോടതി. സെബിയുടെ അധികാരത്തില്‍ കോടതി ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

ഓഹരി വില കൃത്രിമമമായി ഉയര്‍ത്തിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റീസ് ആന്റ് എക്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണത്തിന് പകരമായി പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കുകയോ സിബിഐക്ക് കൈമാറുകയോ വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പഹര്‍ജികളിലാണ് സുപ്രീം കോടതി തീരുമാനമെടുത്തത്.

ഹര്‍ജികളില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സാധൂകരിക്കുന്നതായി തെളിവില്ല. ഓഹരി വിപണിയുടെ നിയന്ത്രണ ചുമതലയുള്ള സെബിക്ക് വീഴ്ചകള്‍ പറ്റിയെന്ന് തെളിയിക്കാനായിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ സെബിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സെബിക്ക് അനുവദിക്കുകയും ചെയ്തു.

സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ എം സാപ്ര അധ്യക്ഷനായ അന്വേഷണ സമിതി അഡാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് കോടതിക്ക് സമര്‍പ്പിച്ചത്. സമിതിയിലെ അംഗങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത ഹര്‍ജിക്കാര്‍ മുന്നോട്ടുവച്ച വാദങ്ങളും കോടതി തള്ളി.

Eng­lish Sum­ma­ry: Supreme Court allows SEBI to con­tin­ue inves­ti­ga­tion into Hin­den­burg report

You may also like this video

Exit mobile version